കാരം ബോൾ, അസാധാരണമായ ആക്ഷൻ, പേസ് വ്യതിയാനം എന്നിവയിലൂടെ ബാറ്റ്‌സ്മാന്മാരെ കബളിപ്പിക്കാൻ കഴിവുള്ള ഒരാളായി രവിചന്ദ്രൻ അശ്വിൻ 2009 ലെ ഐപിഎല്ലിലൂടെയാണ് ക്രിക്കറ്റ് ലോകത്ത് പതുക്കെ അറിയപ്പെടാൻ തുടങ്ങിയത്. ദക്ഷിണാഫ്രിക്കയിലെ തന്റെ അരങ്ങേറ്റ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി രണ്ട് മത്സരങ്ങൾ മാത്രമേ അശ്വിൻ കളിച്ചിട്ടുള്ളൂ. എന്നാൽ അടുത്ത വർഷം ടൂർണമെന്റ് ഇന്ത്യയിൽ തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ യഥാർത്ഥ കഴിവ് തിരിച്ചറിഞ്ഞത്.
ധോണിയും സച്ചിനും ഒകെ ആയി നല്ല ബന്ധം പങ്കിടുന്ന അശ്വിൻ തന്റെ കരിയറിലെ ആദ്യ കാലത്തെ ഒരു സംഭവം വിശദീകരിച്ചിരിക്കുകയാണ്. “അത് ഫേസ്ബുക്ക് ചാറ്റിന്റെ ദിവസങ്ങളായിരുന്നു, ഞങ്ങൾ അവിടെ സംസാരിച്ചത് എനിക്ക് ഓർമ്മയുണ്ട്. എം.എസ് പറഞ്ഞു, ‘അടുത്ത വർഷം നിങ്ങളെ നന്നായി ഉപയോഗിക്കണം എന്ന് ആഗ്രഹം ഉണ്ടെന്ന്”
2010 ലെ ഐ.പി.എല്ലിൽ തന്റെ കരിയറിൽ ആദ്യമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മുന്നിൽ ധോണി തന്നെ എങ്ങനെ ഉപയോഗിച്ചു എന്ന് പറഞ്ഞു. ” ധോണിക്ക് ആ സീസണിൽ പരിക്ക് പറ്റിയതുകൊണ്ട് അദ്ദേഹത്തിന് മൂന്ന് മത്സരങ്ങൾ നഷ്ടമായി. ഞാനും ഫോമിൽ അല്ലായിരുന്നു. ഞങ്ങൾ രണ്ട് പേരും മുംബൈക്ക് എതിരായ മത്സരത്തിൽ കളത്തിൽ ഇറങ്ങി. എനിക്ക് ഫോം വീണ്ടെടുക്കണം ആയിരുന്നു, ധോണിക്ക് തിരിച്ചുവരണം ആയിരുന്നു. മുംബൈക്ക് എതിരായ മത്സരത്തിൽ സച്ചിനെതിരെ പന്തെറിയാൻ എന്നെ ധോണി ഏൽപ്പിച്ചു. അതും ന്യൂ ബോൾ.”
ധോണി പന്ത് ഏൽപ്പിച്ച ശേഷം ഒന്നും പറഞ്ഞില്ല എന്ന് അശ്വിൻ പറഞ്ഞു. എന്നിരുന്നാലും, മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ മൈക്ക് ഹസ്സി, കീറോൺ പൊള്ളാർഡിനെ പുറത്താക്കാൻ കഴിയുമോ എന്ന് അശ്വിനോട് ചോദിച്ചു.
“ധോണി എനിക്ക് ന്യൂ ബോൾ തന്നിട്ട് പോയി. ഒന്നും സംസാരിച്ചില്ല. പക്ഷേ ഹസ് (മൈക്ക് ഹസ്സി), ‘നിങ്ങൾക്ക് പൊള്ളാർഡിനെ പുറത്താക്കാൻ കഴിയുമോ?’ എന്ന് എന്നോട് ചോദിച്ചത് എനിക്ക് ഓർമ്മയുണ്ട്. സിഎസ്‌കെ 166 റൺസ് പ്രതിരോധിക്കുക ആയിരുന്നു. ഞാൻ ആകട്ടെ അൽപ്പം പരിഭ്രാന്തിയിലായിരുന്നു. പൊള്ളാർഡ് വന്നപ്പോൾ ഞാൻ ഓഫ് സ്റ്റമ്പിന് പുറത്ത് പന്ത് എറിഞ്ഞു, ടൈമിംഗ് തെറ്റി അയാൾ അടിച്ച ഷോട്ട് മുരളി വിജയ് കൈയിൽ ഒതുക്കി.” അശ്വിൻ കൂട്ടിച്ചേർത്തു.
ആ മത്സരത്തിൽ സച്ചിന്റെ വിക്കറ്റ് എടുക്കാൻ ആയില്ലെങ്കിലും 2 വിക്കറ്റ് നേടിയ അശ്വിൻ ചെന്നൈയുടെ 24 റൺ ജയത്തിൽ നിർണായക പങ്ക് വഹിച്ചു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും മാത്രം കളിക്കുന്ന അശ്വിൻ ഇന്ത്യയ്ക്കായി 106 ടെസ്റ്റുകളും 116 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള അശ്വിൻ, എല്ലാ ഫോർമാറ്റുകളിലുമായി 765 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
Discussion about this post