ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം മാഞ്ചസ്റ്ററിൽ സമാപിച്ചപ്പോൾ ഇരുടീമുകൾക്കും തുല്യ ആധിപത്യം നൽകുന്ന ഒന്നാം ദിനമാണ് കഴിഞ്ഞ് പോയത് എന്ന് പറയാം. എന്തിരുന്നാലും ഋഷഭ് പന്തിന്റെ പരിക്കാണ് ഇന്ത്യൻ ക്യാമ്പിനെ അലോസരപടുത്തുന്ന കാര്യം. നന്നായി ബാറ്റ് ചെയ്തിരുന്ന താരത്തിന്റെ കാൽവിരലിന് പരിക്ക് പറ്റുക ആയിരുന്നു.
ഒന്നാം ദിനം അവസാനിക്കുമ്പോൾ 264 – 4 എന്ന നിലയിലാണ് ഇന്ത്യ നിൽക്കുന്നത്. 19 റൺ വീതമെടുത്ത ജഡേജ – താക്കൂർ സഖ്യമാണ് ക്രീസിൽ നിൽക്കുന്നത്. ഈ പരമ്പരയിൽ മനോഹരമായി തന്നെ കളിച്ച രവീന്ദ്ര ജഡേജ ഇന്നലെയും മികവ് തുടർന്നു. എന്തായാലും താരത്തെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്.
കളിയുടെ 78 ആം ഓവറിലാണ് ജഡേജ, താക്കൂർ വിളിച്ച സിംഗിളിനോട് പ്രതികരിക്കാതിരിക്കുകയും അത് പോണ്ടിങ്ങിനെ ചൊടിപ്പിക്കുകയും ചെയ്തത്. ” ചില തെറ്റുകൾ നിങ്ങൾക്ക് പിന്നെ പണി തരും. എനിക്കത് ഇഷ്ടമല്ല. അതൊരു എളുപ്പമുള്ള സിംഗിൾ ആയിരുന്നു. പക്ഷേ നോൺ-സ്ട്രൈക്കർ താൽപ്പര്യം കാണിച്ചില്ല,” റിക്കി പോണ്ടിംഗ് പറഞ്ഞു.
“അടുത്ത പന്ത് രവീന്ദ്ര ജഡേജ നേരിടണമായിരുന്നു. കാരണം അവിടെ ഒരു റൺ ഉണ്ടായിരുന്നു. റൺ നിഷേധിക്കപ്പെടുമ്പോൾ ഒരു വിക്കറ്റ് വീഴുന്നത് നമ്മൾ കണ്ടിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും താക്കൂർ- ജഡേജ സഖ്യം ഇന്ന് ആദ്യ സെക്ഷനിൽ പിടിച്ചുനിൽക്കേണ്ടത് ഇന്ത്യക്ക് നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമാണ്. പന്ത് റിട്ടയേർഡ് ഹർട്ട് ആയി മടങ്ങിയ സാഹചര്യത്തിൽ ഇന്ത്യക്ക് ഇനി ഓപ്ഷൻ കുറവാണ്. അതിനാൽ തന്നെ ഇന്ത്യ അത് നോക്കിയായിരിക്കും ഇന്ന് തന്ത്രങ്ങൾ മെനയുക.
Discussion about this post