ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ഭാഗമായ കെ.എൽ. രാഹുലിനെയും യശസ്വി ജയ്‌സ്വാളിനെയും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പ്രശംസിച്ചു. രോഹിത് ശർമ്മയുടെ കുറവ് അറിയിക്കാതെ ഇരുവരും ചേർന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയെന്നും ഇന്ത്യ ഇനി രോഹിത്തിനെ മിസ് ചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു.
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ ഓപ്പണിംഗ് വിക്കറ്റിൽ രാഹുലും ജയ്‌സ്വാളും 94 റൺസ് കൂട്ടിച്ചേർത്തു. ഒന്നാം ദിവസം 264/4 എന്ന നിലയിൽ ഇന്ത്യ ബാറ്റിംഗ് അവസാനിച്ചപ്പോൾ രവീന്ദ്ര ജഡേജയും (37 പന്തിൽ 19*) ഷാർദുൽ താക്കൂറും (36 പന്തിൽ 19*) ആണ് ക്രീസിൽ നിൽക്കുന്നത്.
‘ആകാഷ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ, ആദ്യ സെഷനിൽ മനോഹരമായി കളിച്ചതിന് രാഹുലിനെയും ജയ്‌സ്വാളിനെയും മുൻ ഇന്ത്യൻ താരം പ്രശംസിച്ചു. രോഹിത്തിന്റെ അഭാവം സന്ദർശകർക്ക് അനുഭവപ്പെടുന്നില്ലെന്ന് ഓപ്പണർമാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
“അവരുടെ നല്ല ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു. കെ.എൽ. രാഹുലും യശസ്വി ജയ്‌സ്വാളും നന്നായി കളിച്ചു. കാലാവസ്ഥ മൂടിക്കെട്ടിയ സാഹചര്യത്തിലും അവർ പോസിറ്റീവായിരുന്നു. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങി. ബാറ്റിംഗിന് അത്ര അനുകൂല സാഹചര്യം ഒന്നും അല്ലായിരുന്നു. ആദ്യ സെഷനിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്തിയില്ല എന്നത് വലിയ കാര്യമാണ്. ഇംഗ്ലണ്ടിൽ വളരെക്കാലത്തിനു ശേഷമാണ് ഇത് സംഭവിച്ചത്,” ചോപ്ര പറഞ്ഞു.
“യശസ്വി വളരെ ജാഗ്രതയോടെയാണ് കളിച്ചത്. ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹം വളരെ സെലക്ടീവായിരുന്നു. കെ.എൽ. രാഹുലിന് അർദ്ധസെഞ്ച്വറി നഷ്ടമായത് നിർഭാഗ്യകരമാണ്, പക്ഷേ അതൊരു നല്ല ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു. യശസ്വി ജയ്‌സ്വാളും കെ.എൽ. രാഹുലും മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ രോഹിത് ശർമ്മയെ നമ്മൾ അത്രയധികം മിസ്സ് ചെയ്തിട്ടില്ലെന്ന് ഇപ്പോൾ നിങ്ങൾക്ക് പറയാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ഇന്ന് ആദ്യ സെക്ഷനിൽ ജഡേജ – താക്കൂർ സഖ്യം പിടിച്ചുനിൽക്കുന്ന പോലെ ഇരിക്കും ഇന്ത്യയുടെ സാധ്യതകളും.
Discussion about this post