കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമ ഭർതൃവീട്ടിൽ നേരിട്ടത് അടിമത്വമെന്ന് ആരോപിച്ച് യുവതിയുടെ അച്ഛൻ മോഹനൻ. ഭർത്താവും അമ്മയും മകളെ വിവാഹത്തിന് ശേഷം നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നു. ഭർത്താവിന്റെ അമ്മയുടെ നിർദേശപ്രകാരമാണ് മകളെയും മൂന്ന് വയസുകാരനായ കുഞ്ഞിനെയും കമൽരാജ് വീട്ടിൽ നിന്നും ഇറക്കി വിട്ടത്. കമൽരാജ് ഗൾഫിൽ നിന്ന് തിരികെ വന്നതിന് ശേഷം കുഞ്ഞിനെ തിരികെ ചോദിച്ച് വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് മകൾ കടുംകൈ ചെയ്തതെന്ന് മോഹനൻ പറയുന്നു.അവർക്ക് കിട്ടാവുന്നതിൽ വലിയ ശിക്ഷ നൽകണം. ഗാർഹിക പീഡനത്തിനോ ആത്മഹത്യാ പ്രേരണ കുറ്റത്തിനോ പോലീസ് വകുപ്പുകൾ ചേർത്തിട്ടില്ല പോലീസ് അന്വേഷണം കൃത്യമല്ലെന്നും തൃപ്തി ഇല്ലെന്നും അച്ഛൻ വ്യക്തമാക്കി.
അതേസമയം എം വി റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നിട്ടുണ്ട്. ഭർതൃ വീട്ടിൽ വലിയ മാനസിക പീഡനം നേരിട്ടിരുന്നതായി കുറിപ്പിൽ പറയുന്നു. ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ല എന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.എപ്പോഴും ഭർതൃമാതാവ് തന്നെ വഴക്കുപറയുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഭർത്താവുമായി തമ്മിൽതല്ലിക്കുമായിരുന്നു. ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. ഭർതൃമാതാവിന്റെ എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് ഇറക്കിവിട്ടു. ഇപ്പോൾ വന്നിട്ട് വീണ്ടും കുട്ടിക്ക് വേണ്ടിയും ഞങ്ങളെ ജീവിക്കാൻ വിടില്ലെന്ന വാശിയിലുമാണ്.
കുട്ടിയെയും എന്നെയും തിരിഞ്ഞ് നോക്കാത്ത ഭർത്താവ് ഇപ്പോൾ അമ്മയുടെ വാക്കുകേട്ട് കുട്ടിക്ക് വേണ്ടി പ്രശ്‌നം ഉണ്ടാക്കുകയാണ്. എന്നോട് പോയി ചാകാൻ പറഞ്ഞു. സ്വന്തം കുട്ടിയോടുള്ള ഇഷ്ടം കൊണ്ടല്ല, അമ്മ ജയിക്കണം എന്ന വാശി മാത്രമാണ് അയാൾക്ക്. അമ്മയാണ് എല്ലാമെങ്കിൽ എന്തിന് അയാൾ ഞങ്ങളുടെ ജീവിതം ഇല്ലാതെയാക്കുന്നു? ഞങ്ങളെ എവിടെയെങ്കിലും ജീവിക്കാൻ അനുവദിച്ചുകൂടേ? എനിക്ക് മോൻറെ കൂടെ ജീവിച്ച് മതിയായില്ല.
തന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ല. കൊന്നാലും ചത്താലും കുറ്റം ചുമത്തിയവരൊക്കെ പുറത്ത് സുഖജീവിതം. കുറ്റബോധം പോലുമില്ല. നിയമങ്ങൾ അവർക്ക് സപ്പോർട്ട്. ഇനി ഒന്നിനുമില്ല. ഇവിടുത്തെ നിയമങ്ങൾ മാറാതെ ഒരു പെണ്ണിനും നീതി കിട്ടില്ല. എല്ലാവരെയും സംരക്ഷിച്ച്, ഞങ്ങളെ പോലെയുള്ളവരെ കൊലയ്ക്ക് കൊടുക്കുന്ന നിയമം.’ റീമ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ശനിയാഴ്ച അർദ്ധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. മൂന്നുവയസുകാരൻ മകൻ കൃഷിവുമായാണ് റീമ ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് ചാടിയത്.
Discussion about this post