ഭാഗ്യക്കേട് എന്ന മലയാള വാക്കിന് ഒരുപാട് പര്യായങ്ങൾ ഉണ്ട്. ആ പര്യായങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന പേര് കൂടി ചേർക്കണം എന്നതാണ് ഇപ്പോൾ വരുന്ന പൊതുവായ അഭിപ്രായം. ഇന്ന് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ക്യാപ്റ്റനെന്ന നിലയിൽ തുടർച്ചയായി നാലാം തവണയും ടോസ് നഷ്ടപ്പെടുത്തി നിൽക്കുമ്പോൾ മറ്റൊരു അപമാന റെക്കോഡ് കൂടി ടീം നേടി. ജനുവരിയിൽ രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തിലായിരുന്നു ഇന്ത്യ അവസാനമായി പുരുഷ അന്താരാഷ്ട്ര മത്സരങ്ങളിൽ ടോസ് നേടിയത്. അതിനുശേഷം, എല്ലാ ഫോർമാറ്റുകളിലും തുടർച്ചയായി 14 ടോസുകൾ ഇന്ത്യ തോറ്റു.
ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇത്രയധികം തവണ ഒരു ടീമിന് ടോസ് നഷ്ടപെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നായിരിക്കും ഉത്തരം. എന്തായാലും ടോസിൽ ഒന്നും കാര്യമില്ല നന്നായി കളിച്ചാൽ മതി എന്നൊക്കെ പറയാം എങ്കിലും ടോസിൽ കാര്യമുണ്ട് എന്ന് ചില മത്സരങ്ങളും അതിന്റെ ഫലവും പോകുമ്പോൾ നമുക്ക് മനസിലാകും. 2023 ഏകദിന ലോകകപ്പ് ഫൈനൽ അതിന് ഉദാഹരണമാണ്.
എന്തായാലും അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ടോസ് നഷ്ടപെട്ട ടീം എന്ന റെക്കോഡും ഇന്ത്യയുടെ പക്കലെത്തി. 1999-ൽ വെസ്റ്റ് ഇൻഡീസ് നേടിയ 12 തോൽവികളുടെ റെക്കോർഡ് ഇന്ത്യ മറികടന്നു. നിലവിലെ കണക്കിൽ ഇന്ത്യക്ക് ടോസ് നേടാനുള്ള സാധ്യത ( കണക്കുകളുടെ അടിസ്ഥാനത്തിൽ) 0.000061 ശതമാനം മാത്രമാണ്. ഇതും ഒരു റെക്കോഡാണ്.
ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം മാഞ്ചസ്റ്ററിൽ സമാപിച്ചപ്പോൾ ഇരുടീമുകൾക്കും തുല്യ ആധിപത്യം നൽകുന്ന ഒന്നാം ദിനമാണ് കഴിഞ്ഞ് പോയത് എന്ന് പറയാം. എന്തിരുന്നാലും ഋഷഭ് പന്തിന്റെ പരിക്കാണ് ഇന്ത്യൻ ക്യാമ്പിനെ അലോസരപടുത്തുന്ന കാര്യം. നന്നായി ബാറ്റ് ചെയ്തിരുന്ന താരത്തിന്റെ കാൽവിരലിന് പരിക്ക് പറ്റുക ആയിരുന്നു. ഒന്നാം ദിനം അവസാനിക്കുമ്പോൾ 264 – 4 എന്ന നിലയിലാണ് ഇന്ത്യ. 19 റൺ വീതമെടുത്ത ജഡേജ – താക്കൂർ സഖ്യമാണ് ക്രീസിൽ തുടരുന്നത്.
Discussion about this post