2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനിടെ പാകിസ്ഥാനുമായി കളിക്കില്ല എന്നാണ് ആദ്യം ഇന്ത്യ പറഞ്ഞത് എങ്കിലും പിന്നെ തീരുമാനം മാറ്റുക ആയിരുന്നു. ധാക്കയിൽ ഇന്ന് നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) വാർഷിക പൊതുയോഗത്തിൽ (എജിഎം) ഏഷ്യാ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥർ വെർച്വലായി പങ്കെടുത്തു.
രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഏഷ്യാ കപ്പിൽ ഇന്ത്യയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിരുന്നു. തുടക്കത്തിൽ, എസിസി, ഐസിസി ഇവന്റുകൾ ഉൾപ്പെടെ പാകിസ്ഥാൻ ഉൾപ്പെടുന്ന എല്ലാ മത്സരങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ശക്തമായ ആഹ്വാനങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ബോർഡ് അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും ഏഷ്യാ കപ്പ് ബഹിഷ്‌കരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞതായും ബിസിസിഐ സെക്രട്ടറി ദേവജിത് സൈക വ്യക്തമാക്കി.
ദുബായിയും അബുദാബിയും വേദികളായി കണ്ട് ടൂർണമെന്റ് ഒരു നിഷ്പക്ഷ വേദിയിൽ നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സന്നദ്ധത പ്രകടിപ്പിച്ചു. ബിസിസിഐ ആണ് ഇത്തവണത്തെ ടൂർണമെന്റിന്റെ സംഘാടകർ എന്നതിനാൽ തന്നെ ബോർഡ് ചില നിർണായക തീരുമാനങ്ങൾ യോഗത്തിൽ എടുത്തിട്ടുണ്ട്.
ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയും വരും ദിവസങ്ങളിൽ യോഗം ചേർന്ന് വേദികളും ടൂർണമെന്റ് ഷെഡ്യൂളും അന്തിമമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായി പ്രവർത്തിക്കുന്ന ടൂർണമെന്റിനായി സെപ്റ്റംബർ 8 മുതലാണ് നടത്താൻ ആലോചിക്കുന്നത്.
Discussion about this post