കുറച്ച് വർഷങ്ങൾക്ക് മുമ്പുനടന്ന ഒരു കഥ പറയാം, ഓസ്‌ട്രേലിയയെ സംബന്ധിച്ച് അഭിമാനത്തിൻറെ പോരാട്ടമായിരുന്നു ആ പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരം. തങ്ങളുടെ മണ്ണിൽ വന്നിട്ട് ഏത് കൊലകൊമ്പൻ ആണെങ്കിലും അവനെ ജയിച്ചുകയറാൻ അനുവദിക്കാതെ അവരെ തകർത്തെറിയുന്ന ഓസ്ട്രേലിയ അമ്പേ തകർന്നു പോയ പരമ്പര ആയിരുന്നു സൗത്താഫ്രിക്കയുടെ 2008 – 09 കാലത്തെ ഓസ്‌ട്രേലിയൻ പര്യടനം. ഗ്രെയിം സ്മിത്തിന്റെ നേതൃത്വത്തിൽ ഒരുപറ്റം മികച്ച താരങ്ങൾ അടങ്ങിയ ടീമുമായിട്ടാണ് ഓസ്‌ട്രേലിയൻ മണ്ണിൽ സൗത്താഫ്രിക്ക എത്തിയത് എങ്കിലും അവർക്ക് ഓസ്‌ട്രേലിയെ കീഴ്പ്പെടുത്താൻ പറ്റുമെന്ന് ആരും തന്നെ വിശ്വസിച്ചിരുന്നില്ല. എന്നാൽ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 6 വിക്കറ്റിന്റെ ഗംഭീര ജയവും, എംസിജിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 9 വിക്കറ്റിന്റെ കൂറ്റൻ ജയവും നേടി സൗത്താഫ്രിക്ക പരമ്പര സ്വന്തമാക്കി.
ഓസ്‌ട്രേലിയയെ സംബന്ധിച്ച് അതൊരു വലിയ നാണക്കേടായി മാറി. തങ്ങളുടെ തോൽവി എതിരാളികൾക്ക് വലിയ രീതിയിൽ പ്രചോദനം ആകുമെന്നും ഇനി ആർക്കും വന്ന് കൊട്ടിയിട്ട് പോകാമെന്ന സംഘമായി തങ്ങൾ മാറുമെന്നും ഉള്ള തോന്നൽ ഓസ്‌ട്രേലിയൻ ക്യാമ്പിൽ ഉണ്ടായി. അതിനാൽ പരമ്പരയിൽ സമ്പൂർണ തോൽവി ഒഴിവാക്കാൻ മൂന്നാം ടെസ്റ്റിൽ ജയിച്ചുകയറാൻ അവർ ആഗ്രഹിച്ചു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പോരിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. മൈക്കിൾ ക്ലാർക്കിന്റെ സെഞ്ച്വറി ബലത്തിൽ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 445 റൺസെടുത്തു. മറുപടിയിൽ പീറ്റർ സിഡിലിന്റെ തകർപ്പൻ ബോളിങ്ങിന് മുന്നിൽ ഉത്തരമില്ലാതെ പോയ് സൗത്താഫ്രിക്ക 327 റൺസ് മാത്രമാണ് നേടിയത്. അതിനെക്കാൾ അവരെ വിഷമിപ്പിച്ചത് മിച്ചൽ ജോൺസന്റെ പന്തിൽ കൈക്ക് പരിക്കേറ്റ് മടങ്ങിയ നായകൻ സ്മിത്തിന്റെ കാര്യത്തിലാണ്. എത്രയും വേഗം ജയിക്കാൻ ഉറച്ച് രണ്ടാം ഇന്നിങ്സിൽ വേഗത്തിൽ ബാറ്റ് ചെയ്ത ഓസ്ട്രേലിയ 4 – 257 എന്ന നിലയിൽ ഡിക്ലയർ ചെയ്യുന്നു.
ഇതോടെ സൗത്താഫ്രിക്കൻ വിജയലക്ഷ്യം 327 റൺസ്. സമനില എങ്കിലും മോഹിച്ച് ബാറ്റ് ചെയ്ത സൗത്താഫ്രിക്കക്ക് കാര്യമായ ഒന്നും തന്നെ ചെയ്യാൻ പറ്റിയില്ല. പീറ്റർ സിഡിൽ തന്നെ ആയിരുന്നു അവരുടെ അന്തകൻ. ഓസ്ട്രേലിയ വിജയത്തിലേക്ക് അടുക്കുമ്പോൾ, ടെയിൽ എൻഡർമാരായ ഡെയ്ൽ സ്റ്റെയ്നും മഖായ എന്റിനിയും 50 റൺസിന്റെ ശക്തമായ കൂട്ടുകെട്ട് ഉണ്ടാക്കി അവരെ ബുദ്ധിമുട്ടിച്ചു. സ്റ്റെയ്ൻ പുറത്തായതോടെ ജയം ആഘോഷിക്കാൻ തുടങ്ങിയ ഓസ്‌ട്രേലിയൻ താരങ്ങൾ കേട്ടത് വലിയ കരഘോഷത്തിന്റെ ശബ്ദമാണ്. എന്താണ് സംഭവിച്ചതെന്ന നോക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ പരിക്കുപറ്റി, റിട്ടയേർഡ് ഹർട്ട് ആയി മടങ്ങിയ ഗ്രെയിം സ്മിത്ത് അവസാന വിക്കറ്റായി ബാറ്റിംഗിന് ഇറങ്ങുന്നു. ഇത്ര വലിയ പരിക്ക് പറ്റിയിട്ടും ടീമിന് സമനില സമ്മാനിക്കാൻ ബാറ്റിംഗിന് ഇറങ്ങാൻ കാണിച്ച ആ തന്റേടത്തിന് ആയിരുന്നു ഉയർന്ന കൈയടികൾ എല്ലാം. 10 ഓവറിൽ താഴെ മാത്രം ശേഷിക്കെ, ഇടതുകൈ ഒടിഞ്ഞിട്ടും ടീമിനെ രക്ഷിക്കാൻ സ്മിത്ത് ആകുവോളം ശ്രമിച്ചു .
ഓസ്ട്രേലിയൻ ബൗളർമാരെ അവസാനം വരെ നിരാശരാക്കിക്കൊണ്ടിരുന്ന സ്മിത്ത്, 11 പന്തുകൾ മാത്രം ബാക്കി നിൽക്കെ മിച്ചൽ ജോൺസന്റെ പന്തിൽ പുറത്താകുന്നു. ഓസ്ട്രേലിയ മത്സരം ജയിച്ചെങ്കിലും ഹീറോ ആയത് സ്മിത്ത് ആയിരുന്നു. ഓസ്‌ട്രേലിയൻ താരങ്ങളും ആരാധകരും അദ്ദേഹത്തെ അഭിനന്ദിക്കാൻ പാഞ്ഞടുത്ത ഫ്രെയിം ക്രിക്കറ്റിലെ മനോഹര നിമിഷങ്ങളിൽ ഒന്നായി പറയാം. ടെസ്റ്റ് മത്സരം തോറ്റെങ്കിലും, അദ്ദേഹത്തിന്റെ ധൈര്യത്തിന് മാത്രമല്ല, ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീമിനെ ഓസ്‌ട്രേലിയയിൽ ആദ്യ വിജയത്തിലേക്ക് നയിച്ചതിനും സ്മിത്ത് പ്രശംസിക്കപ്പെട്ടു.
ആ കഥയിലെ ഹീറോയായ സ്മിത്ത് ഒരുപക്ഷെ ഏറ്റവും സന്തോഷിക്കുന്ന ദിവസമായിരിക്കും ഇന്ന്. അന്ന് താൻ ടീമിനായി കളത്തിൽ ഇറങ്ങി കൈയടികൾ നേടിയത് പോലെ ഇന്ന് ഇംഗ്ലണ്ടിന്റെ മണ്ണിൽ ഒരു ഇന്ത്യൻ യുവതാരം ഹീറോ പരിവേഷത്തോടെ ഒരു എൻട്രി നടത്തിയിരിക്കുകായാണ്. ഇന്നലെ ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം യുവ താരമായ ഋഷഭ് പന്തിന് ബാറ്റിങ്ങിന്റെ സമയത്ത് ഗുരുതര പരിക്ക് പറ്റി പുറത്തേക്ക് പോകുന്നു. ക്രിസ് വോക്‌സിന്റെ പന്തിൽ സ്വീപ് ഷോട്ട് കളിക്കുന്നതിന്റെ സമയത്ത് ഋഷഭിന്റെ കാൽവിരലിൽ പന്ത് കൊള്ളുക ആയിരുന്നു. ശേഷം വേദന കൊണ്ട് പുളഞ്ഞ താരം ആംബുലൻസ് സഹായത്തിലാണ് മൈതാനം വിട്ടത്. സായ് സുദർശനുമൊത്ത് ഒരു മനോഹാര കൂട്ടുകെട്ട് മുന്നോട്ട് കൊണ്ടുപോകുന്ന സമയത്താണ് താരത്തിന് പരിക്കുപറ്റിയത്. ശേഷം വേദന കൊണ്ട് പുളഞ്ഞ താരം ആംബുലൻസ് സഹായത്തോടെയാണ് പുറത്തേക്ക് പോയത്. ഇതോടെ താരം ഇനി മത്സരത്തിൽ കളിക്കില്ല എന്ന റിപ്പോർട്ട് വന്നു.
കാലിലെ പരിക്ക് ഗുരുതരമായ സാഹചര്യത്തിൽ പന്തിന് ഈ പരമ്പരയിലെ ശേഷിച്ച മത്സരങ്ങൾ പോലും മിസ് ആകും എന്നാണ് ആദ്യം വന്ന വാർത്ത. എന്നാൽ ഇന്ന് രണ്ടാം ദിനം ഇന്ത്യൻ ബാറ്റിംഗ് നടക്കുമ്പോൾ പന്ത് ബാറ്റിംഗിന് ഇറങ്ങും എന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിക്കുന്നു. ശേഷം ഇന്ത്യൻ സ്കോർ 314 – 6 ൽ നിൽക്കുമ്പോൾ താക്കൂറിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ പിന്നാലെ പന്ത് ക്രീസിൽ എത്തുന്നു. ഇംഗ്ലീഷ് ആരാധകർ കൈയടിച്ചുപോയ ആ കടന്നുവരവിൽ അയാൾ മുടന്തിയാണ് മൈതാനത്ത് വന്നത്.
ജീവൻ പോലും നഷ്ടപ്പെടാൻ പോയ അവസ്ഥയിൽ നിന്ന് ക്രിക്കറ്റ് കളിക്കാൻ ഉറച്ച മനസിന്റെ ആഗ്രഹത്തിൽ തിരിച്ചെത്തിയ പന്തിനെ ജയിക്കാൻ ഈ പരിക്കിനൊന്നും പറ്റില്ലല്ലോ….
Discussion about this post