ലോക ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ എ ബി ഡിവില്ലിയേഴ്സിൻറെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിൽ ഇംഗ്ലണ്ട് ചാമ്പ്യൻസിനെ 10 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് തങ്ങളുടെ വിജയപരമ്പര തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് എതിരായ മത്സരത്തിലും ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് സഹായിച്ച എബി ഡിവില്ലിയേഴ്സ് ഇന്ന് അതിന്റെ ഇരട്ടി ഡോസിലാണ് ഇംഗ്ലണ്ടിന് കൊടുത്തത്. എന്തായാലും 41 പന്തിൽ സെഞ്ചുറി തികച്ച ഡിവില്ലിയേഴ്സിൻറെയും 29 റൺസുമായി പുറത്താകാതെ നിന്ന ഹാഷിം അംലയുടെയും ബാറ്റിംഗ് മികവിൽ ഇംഗ്ലണ്ട് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം 12.2 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു.
എന്തായാലും താരം തന്നെയാണ് സൗത്താഫ്രിക്കൻ ടീമിനെ നയിക്കുന്നതും. ആറ് ടീമുകളുള്ള ടൂർണമെന്റിനിടെ ഒരു മത്സരത്തിനിടെ ഡിവില്ലിയേഴ്‌സ് തന്റെ എക്കാലത്തെയും മികച്ച ലോക ഇലവനെ തിരഞ്ഞെടുത്തു. രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മാത്രമാണ് അദ്ദേഹത്തിന്റെ ടീമിൽ ഇടം നേടിയത്. ഒന്ന് സുഹൃത്ത് വിരാട് കോഹ്‌ലിയും മറ്റൊന്ന് ഇതിഹാസ താരം എംഎസ് ധോണിയുമായിരുന്നു.
ഡിവില്ലിയേഴ്സ്, ഗ്രേം സ്മിത്തിനെയും മാത്യു ഹെയ്ഡനെയും ഓപ്പണറായി തിരഞ്ഞെടുത്തു, തുടർന്ന് റിക്കി പോണ്ടിംഗും. ശേഷം വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവരെയാണ് അദ്ദേഹം ഉൾപ്പെടുത്തിയത്. വിക്കറ്റ് കീപ്പർ റോളിലേക്ക് ധോണിയെ ഏഴാം നമ്പറിൽ തിരഞ്ഞെടുത്തു. മിച്ചൽ ജോൺസണും മുഹമ്മദ് ആസിഫും പേസർമാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇതിഹാസ ജോഡികളായ ഷെയ്ൻ വോണും മുത്തയ്യ മുരളീധരനും സ്പിന്നർമാരായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവില്ലിയേഴ്‌സ് തന്റെ ടീമിൽ ഒരു ഓൾറൗണ്ടറെയും തിരഞ്ഞെടുത്തില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. നാല് മുൻനിര ബൗളിംഗ് ഓപ്ഷനുകൾ ആണ് താരത്തിന്റെ ടീമിൽ ഉള്ളത്. അങ്ങനെ വന്നാൽ ഈ ടീം ഒരു ക്രിക്കറ്റ് മത്സരം കളിച്ചാൽ വില്യംസൺ, കോഹ്‌ലി, സ്മിത്ത് എന്നിവരെപ്പോലുള്ളവർക്ക് പന്തെറിയേണ്ടതായി വരുമായിരിക്കും. പ്രശസ്തനായ ഗ്ലെൻ മഗ്രാത്തിനെ 12 th മാനായി തിരഞ്ഞെടുത്തു.
എബി ഡിവില്ലിയേഴ്‌സ് ലോക ഇലവൻ: ഗ്രെയിം സ്മിത്ത്, മാത്യു ഹെയ്ഡൻ, റിക്കി പോണ്ടിംഗ്, വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, എംഎസ് ധോണി, മിച്ചൽ ജോൺസൺ, മുഹമ്മദ് ആസിഫ്, മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ.
Discussion about this post