ചെന്നൈ : മാലിദ്വീപിൽ നിന്നും മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽ സന്ദർശനം നടത്തും. തൂത്തുക്കുടിയിൽ നടക്കുന്ന പൊതുചടങ്ങിൽ 4800 കോടി രൂപയുടെ രാഷ്ട്ര വികസന പദ്ധതികളുടെ തറക്കല്ലിടൽ, ഉദ്ഘാടനം, സമർപ്പണം എന്നിവ അദ്ദേഹം നിർവഹിക്കും. തൂത്തുക്കുടി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഈ ചടങ്ങുകളിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പങ്കെടുക്കില്ല. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ ആയതിനാലാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുച്ചിറപ്പള്ളിയിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിൽ നടക്കുന്ന ആദി തിരുവാതിര ഉത്സവത്തിലും മഹാനായ ചോള ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമന്റെ ജന്മവാർഷികാഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. തമിഴ്നാട് സന്ദർശനത്തിൽ രണ്ട്
പ്രധാന ഹൈവേ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും.
തൂത്തുക്കുടി വിമാനത്താവളത്തിൽ 450 കോടി രൂപ ചെലവിലാണ് പുതിയ ടെർമിനൽ കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. ലോകോത്തര വിമാനത്താവള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ ടെർമിനൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 17,340 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ ടെർമിനലിന് തിരക്കേറിയ സമയങ്ങളിൽ 1,350 യാത്രക്കാരെയും പ്രതിവർഷം 20 ലക്ഷം യാത്രക്കാരെയും കൈകാര്യം ചെയ്യാൻ കഴിയും. 100 ശതമാനം എൽഇഡി ലൈറ്റിംഗ്, ഊർജ്ജ-കാര്യക്ഷമമായ ഇലക്ട്രിക്കൽ മെക്കാനിക്കൽ സംവിധാനങ്ങൾ, മലിനജല സംസ്കരണ പ്ലാന്റിലൂടെയുള്ള ജല പുനരുപയോഗം എന്നിവ ഈ പുതിയ ടെർമിനലിന്റെ സവിശേഷതകളാണ്.
Discussion about this post