ഈ കഴിഞ്ഞ ദിവസമാണ് ദേശീയ മാമ്പഴദിനം നമ്മൾ ആഘോഷിച്ചത്. കുട്ടിക്കാലത്തെ ഓർമ്മകൾ മനസിലോടിയെത്തുമ്പോൾ കൂടെ മാമ്പഴത്തിന്റെ രുചിയും ഒരു അനുഭൂതിയായി എത്താറില്ലേ. അങ്കണതൈമാവിലെ രുചിയോർത്ത് പഴക്കടകളിലെ മാമ്പഴങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ ഒന്ന് സൂക്ഷിക്കുക. ചിലപ്പോൾ പണി കിട്ടാൻ സാധ്യതയുണ്ട്. മാമ്പഴം പെട്ടെന്നു പഴുക്കാൻ കാൽസ്യം കാർബൈഡ്, ആഴ്‌സനിക്, ഫോസ്ഫറസ് എന്നീ രാസവസ്തുക്കളാണു പ്രധാനമായും ചേർക്കുന്നത്. ഇവ കഴിക്കുന്നത് ത്വക്ക് രോഗം, ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയ്ക്കു പുറമേ അർബുദത്തിനു വരെ കാരണമാകും
കാൽസ്യം കാർബൈഡ് ഉപയോ?ഗിച്ചു പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം
ഒരു ലാബ് പരിശോധനയിലൂടെ മാത്രമേ 100 ശതമാനം ഇത്തരം മാമ്പഴങ്ങളെ തിരിച്ചറിയാനാകൂ. എങ്കിലും കാൽസ്യം കാർബൈഡ് ഉപയോഗിച്ചു പഴുപ്പിച്ച മാങ്ങ സാധാരണക്കാർക്ക് തിരിച്ചറിയാൻ മൂന്ന മാർഗ്ഗങ്ങളുണ്ട്.
തൊലി ശ്രദ്ധിക്കുക: സ്വഭാവികമായി പഴുത്ത മാങ്ങയുടെ തൊലിയുടെ എല്ലാഭാഗവും ഒരുപോലെ കാണപ്പെടും. തൊലിയിൽ നിറവ്യത്യാസം ഉണ്ടായാൽ അത് കൃത്രിമായി പഴുപ്പിച്ചതാകാൻ സാധ്യതയുണ്ട്. കൂടാതെ തൊലിയിൽ കറുത്ത കുത്തുകൾ വീണിട്ടുണ്ടെങ്കിൽ അത്തരം മാമ്പഴം വാങ്ങരുത്.
പ്രഷർ ടെസ്റ്റ് നടത്തുക: മാമ്പഴം പുറമെ പിടിച്ച ഉടൻ മൃദുവായി തോന്നുന്നത് അത് കൃത്രിമായി പഴുപ്പിച്ചതു കൊണ്ടാകാം. മാമ്പഴത്തിന് സ്വാഭാവികമായി അൽപ്പം കട്ടിയുണ്ടാകും.
വെള്ളത്തിലിട്ട് പരിശോധന: ഒരു പാത്രത്തിൽ വെള്ളം നിറച്ച് മാങ്ങ അതിൽ മുക്കുക. മാമ്പഴം വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ അവ കൃത്രിമമായി പഴപ്പിച്ചതാകാം. കാരണം, കാൽസ്യം കാർബൈഡിന്റെ ഉപയോഗം മാങ്ങയിലെ പൾപ്പിന്റെ അളവ് കുറയ്ക്കുകയും അതിനെ ഭാരം കുറഞ്ഞതാക്കുകയും ചെയ്യുന്നു, അതിനാൽ അത് പൊങ്ങിക്കിടക്കുകയും മുങ്ങാതിരിക്കുകയും ചെയ്യും.
മാമ്പഴം കൃത്രിമമായി പഴുപ്പിച്ചതാണോ എന്നറിയാൻ മറ്റ് ചില മാർഗങ്ങൾ കൂടിയുണ്ട്. സ്വാഭാവികമായി പഴുത്ത മാങ്ങയ്ക്ക് പൂർണമായി മഞ്ഞ നിറമുണ്ടാകും. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയിൽ ചില സ്ഥലങ്ങളിൽ മാത്രമാകും മഞ്ഞ നിറം. കൃത്രിമമായി പഴുപ്പിച്ചവയിൽ കറുത്ത പാടുകൾ ഉണ്ടാകും . മാങ്ങയിൽ ലഭിക്കുന്ന സ്വാഭാവികമായ പഴുത്ത മണവും മധുരവും കൃത്രിമമായി പഴുപ്പിച്ചവയിൽ ലഭിക്കില്ല. സ്വാഭാവികമായി പഴുത്ത മാങ്ങ എളുപ്പത്തിൽ മുറിക്കാനാകും. എന്നാൽ മറ്റുള്ളവ എളുപ്പത്തിൽ മുറിക്കാൻ സാധിക്കില്ല
മാമ്പഴം അമിതമായി കഴിക്കുന്നത് ചില ദോഷഫലങ്ങൾ ഉണ്ടാക്കാം. ശരീരത്തിൽ ചൂട് വർദ്ധിപ്പിക്കാനും, ചില ആളുകളിൽ ചർമ്മത്തിൽ അലർജിയുണ്ടാക്കാനും, അതുപോലെ പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും സാധ്യതയുണ്ട്.കലോറി കൂടുതലായതിനാൽ മാമ്പഴം ചിലർക്ക് ശരീരഭാരം കൂട്ടും. ശരാശരി വലിപ്പമുള്ള ഒരു മാങ്ങയിൽ 150 കലോറി അടങ്ങിയിട്ടുണ്ട്.ഈ പഴം പലപ്പോഴും ദഹനക്കേട് ഉണ്ടാക്കും എന്ന് നിങ്ങൾക്കറിയാമോ? പ്രത്യേകിച്ച് പച്ചമാങ്ങ അധികം കഴിച്ചാൽ ഇതിന് സാധ്യത കൂടുതലാണ്. അതിനാൽ, വലിയ അളവിൽ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുക.
Discussion about this post