വിദേശ മത്സരങ്ങളിൽ രവീന്ദ്ര ജഡേജയുടെ മാച്ച് വിന്നിംഗ് കഴിവുകളെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്ജോത് സിംഗ് സിദ്ധു ചില കാര്യങ്ങൾ വെളിപ്പെടുത്തൽ രംഗത്ത് എത്തിയിരിക്കുകയാണ്. മാഞ്ചസ്റ്ററിൽ നടന്ന ടെസ്റ്റിൽ സെഞ്ച്വറി നേടി താരം ഇന്ത്യയെ ടെസ്റ്റ് സമനിലയിലാക്കാനും പരമ്പര സജീവമാക്കാനും സഹായിച്ചു. എന്നാൽ ജഡേജ ഒരിക്കലും കപിൽ ദേവിനെപ്പോലെയല്ലെന്ന് സിദ്ധു പരാമർശിച്ചു.
ജഡേജ ടെസ്റ്റ് മത്സരത്തിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ ബാറ്റിംഗ് ആയിരുന്നു നടന്നത്. വാഷിംഗ്ടൺ സുന്ദറിനൊപ്പം 203 റൺസിന്റെ കൂട്ടുകെട്ടും അദ്ദേഹം സ്ഥാപിച്ചു. പരമ്പരയിൽ 113.50 ശരാശരിയിൽ 454 റൺസ് നേടിയ ജഡേജ റൺവേട്ടക്കാരിൽ മുന്നിലുണ്ട്. ശുഭ്മാൻ ഗിൽ (722), കെ.എൽ. രാഹുൽ (511), ഋഷഭ് പന്ത് (479) എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ കളിക്കാരനാണ് അദ്ദേഹം.
മുമ്പ് പലപ്പോഴും ജഡേജയെ പ്രശംസിച്ച സിദ്ധു, രാജ്യത്തിനായി വിദേശ രാജ്യത്ത് മത്സരങ്ങൾ ജയിപ്പിക്കുന്നതിൽ ഓൾറൗണ്ടർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി. കപിൽ ദേവിന്റെ ഉദാഹരണമാണ് അദ്ദേഹം നൽകിയത്. “ജഡേജയെ ഞാൻ പ്രശംസിച്ചിട്ടുണ്ട്. കപിൽ ദേവ് ആയിട്ട് അവനെ താരതമ്യം ചെയ്യാൻ ആകില്ല. വിദേശ രാജ്യങ്ങളിൽ ഇന്ത്യയ്ക്കായി അയാൾ ടെസ്റ്റുകൾ ജയിപ്പിച്ചു. എന്നാൽ ജഡേജ ഒരു സപ്പോർട്ടിംഗ് റോളിൽ മാത്രമേ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളൂ. അദ്ദേഹം തന്റെ ഓവറുകൾ വേഗത്തിൽ പൂർത്തിയാക്കുകയും റൺസിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ മിടുക്കൻ ആണ്. പക്ഷേ മത്സരങ്ങൾ ജയിപ്പിക്കാൻ അദ്ദേഹത്തിന് കഴിവില്ല. ആദ്യ ടെസ്റ്റിനുശേഷം ഇത് വ്യക്തമാണ്,” സിദ്ധു പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തിനിടെ ഒരു മുൻ താരം ജഡേജയെ വിമർശിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ പരാജയപ്പെട്ടതിന് അദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു. അഞ്ചാം ദിവസം 193 റൺസ് പിന്തുടരുന്നതിനിടെ ഇന്ത്യ 22 റൺസിന് പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സമീപനം ചോദ്യം ചെയ്യപ്പെട്ടു.
ടെയിൽ എൻഡർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരുമായി ജഡേജ റൺസ് ചേർത്തെങ്കിലും വിജയം നേടാനായില്ല. ജൂലൈ 31 ന് ഓവലിൽ ആരംഭിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ അതിൽ ജയിച്ച് പരമ്പര സമനിലയിലാക്കാൻ ഇന്ത്യ ശ്രമിക്കും.
Discussion about this post