ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ (സിഒഇ) നടക്കുന്ന ഫിറ്റ്നസ്-കം-ബൗളിംഗ് പ്രോഗ്രാമിൽ പങ്കെടുക്കാൻ ഇന്ത്യൻ സെലക്ടർമാർ 6-7 പേസർമാരോട് ആവശ്യപ്പെട്ടു. ജസ്പ്രീത് ബുംറയെയും മുഹമ്മദ് സിറാജിനെയും മാത്രം ആശ്രയിക്കുന്നതിൽ നിന്ന് മാറി ഇന്ത്യയുടെ പേസ് ആക്രമണം വികസിപ്പിക്കുന്നതിനായി ബുധനാഴ്ച മുതൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിശീലന സെഷൻ ആരംഭിച്ചു. ഇന്ത്യ vs ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് ബോളിങ്ങിൽ ബാധിച്ച പ്രശ്‍നങ്ങളെ മറികടക്കാനാണ് ഈ നീക്കം. ബുംറയും സിറാജും ഈ നാളുകളിൽ ഇന്ത്യയുടെ പേസ് ആക്രമണത്തെ നയിച്ചപ്പോൾ ഇവരിൽ ഒരാൾ ഇല്ലെങ്കിൽ ടീം ഇല്ല എന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരയിൽ ഫിറ്റ്നസും മിടുക്കുമുള്ള താരങ്ങളെ കൂടുതലായി കണ്ട് പിടിക്കാനും ഇവർക്ക് ചുമതലകൾ നൽകാനുമാണ് പദ്ധതി. ഖലീൽ അഹമ്മദ്, തുഷാർ ദേശ്പാണ്ഡെ, വിജയ്കുമാർ വൈശാഖ്, യാഷ് താക്കൂർ, രാജ് അംഗദ് ബാവ, യുധ്വീർ സിംഗ്, അൻഷുൽ കംബോജ് എന്നിവരുൾപ്പെടെ ഏഴ് പേസർമാരോടാണ് സിഒഇയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച കാംബോജിനെ ബിസിസിഐ ക്യാമ്പിലേക്ക് ഏറ്റവും ഒടുവിലാണ് ക്ഷണിച്ചത്.
“ഫാസ്റ്റ് ബൗളിംഗ് നിരയിൽ പുനഃക്രമീകരണം ആവശ്യമാണെന്ന് സെലക്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ, ഭാവിയിൽ ഏത് അന്താരാഷ്ട്ര അസൈൻമെന്റിനും തയ്യാറാകുന്നതിന് ഇന്ത്യയിലെ ആറ്-ഏഴ് പേസർമാരോട് ഫിറ്റ്നസ്-കം-ബൗളിംഗ് ക്യാമ്പിന് വിധേയരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്,” സ്രോതസ്സ് പറഞ്ഞു.
മുമ്പ്, 2024 ഫെബ്രുവരിയിൽ, ആറ് പേസർമാർക്ക് ബിസിസിഐ ഇത്തരത്തിൽ ക്യാമ്പ് നടത്തിയിരുന്നു. മായങ്ക് യാദവ്, ഉംറാൻ മാലിക്, യാഷ് ദയാൽ, ആകാശ് ദീപ്, വിജയ്കുമാർ വൈശാഖ്, വിദ്വത് കാവേരപ്പ എന്നിവരായിരുന്നു താരങ്ങൾ. എന്നിരുന്നാലും ഇതിൽ ആകാശ് ദീപിന് മാത്രമാണ് ഇപ്പോൾ ടീമിൽ അവസരം കിട്ടുന്നത്. ബാക്കി 5 താരങ്ങളും ഫിറ്റ്നസ് പ്രശ്നങ്ങളും പരിക്കിന്റെ ബുദ്ധിമുട്ടും കാരണം കഷ്ടപ്പെടുകയാണ്.
Discussion about this post