കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരണപ്പെട്ട സംഭവത്തിൽ പെൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ.മാതിരപ്പള്ളി മേലേത്തുമാലിൽ അലിയാരുടെ മകൻ അൻസിൽ (38) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം.
പെൺസുഹൃത്ത് വീട്ടിൽ വിളിച്ചുവരുത്തി തനിക്ക് വിഷം നൽകിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽവെച്ച് അൻസിൽ സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിനിയായ 30കാരിയെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്.
മാലിപ്പാറയിലെ പെൺസുഹൃത്തിന്റെ വീട്ടിൽവെച്ചാണ് അൻസിലിന്റെ ഉള്ളിൽ വിഷംചെന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു ഇത്. പുലർച്ചെ 12.20വരെ അൻസിൽ മൂവാറ്റുപുഴയ്ക്കടുത്തുള്ള പേഴയ്ക്കാപ്പള്ളിയിലുണ്ടായിരുന്നു. പിന്നീടാണ് പെൺസുഹൃത്തിന്റെ വീട്ടിലെത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ള അൻസിൽ വിവാഹിതനാണ്. മക്കളുമുണ്ട്. അൻസിലിന്റെ ബന്ധു കൂടിയാണ് പെൺസുഹൃത്ത്. ഇവരുമായി ഏറെക്കാലമായി അൻസിലിന് അടുപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ പിണക്കങ്ങളുണ്ടാകുമെങ്കിലും അവ പരിഹരിക്കപ്പെട്ടിരുന്നുവെന്നുമാണ് വിവരം.













Discussion about this post