ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടെസ്റ്റ് ഓവലിൽ നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തലേന്നത്തെ സ്കോറിനോട് 20 റൺ മാത്രം കൂട്ടിച്ചേർത്ത് 224 റൺസിന് പുറത്തായി. മികച്ച കൂട്ടുകെട്ട് പടുത്തുയർത്തും എന്ന് കരുതിയ കരുൺ- വാഷിംഗ്‌ടൺ സഖ്യത്തിന് പിടിച്ചുനിൽക്കാൻ സാധിക്കാതെ വന്നതോടെ ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി.
കരുൺ 57 റൺസെടുത്ത് ടോപ് സ്‌കോറർ ആയപ്പോൾ ബാക്കി ബാറ്റ്‌സ്മാന്മാർക്ക് ആർക്കും കാര്യമായ ഒന്നും ചെയ്യാനായില്ല. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തപ്പോൾ ജോഷ് ടങ്ക് മൂന്ന് വിക്കറ്റെടുത്തു. പിച്ചിന്റെ എല്ലാ സാഹചര്യങ്ങളും മുതലെടുത്തുള്ള തകർപ്പൻ ബൗളിങ്ങാണ് ഇംഗ്ലണ്ട് നടത്തിയത്.
മറുപടിയിലേക്ക് വന്നാൽ ഏകദിന ഫോർമാറ്റിൽ ഇന്ത്യൻ ബോളർമാരെ തകർത്തടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഈ പിച്ചിൽ തന്നെയാണോ ഞങ്ങളും ബാറ്റ് ചെയ്തത് എന്ന് ഇന്ത്യൻ താരങ്ങൾക്ക് സംശയം തോന്നുന്ന രീതിയിൽ ഡക്കറ്റും ക്രൗളിയും കളിച്ചപ്പോൾ സ്കോർബോർഡ് കുതിച്ചു. അർദ്ധ സെഞ്ച്വറി പിന്നിട്ട കൂട്ടുകെട്ട് പിരിയുന്നത് ടീം സ്‌കോറിൽ 92 ൽ നിൽക്കുമ്പോഴാണ്.
അതുവരെ ഡക്കറ്റിന്റെ പ്രഹരം നല്ല രീതിയിൽ ഏറ്റുവാങ്ങിയ ആകാശ് ദീപ് ആണ് താരത്തെ മടക്കിയത്. വിക്കറ്റ് നേട്ടത്തിന് പിന്നാലെ അത് വരെയുള്ള ദേഷ്യം മുഴുവൻ തീർത്ത ആകാശ് ഡക്കറ്റ് മടങ്ങവേ എന്തൊക്കെയോ അദ്ദേഹത്തോട് പറഞ്ഞു. കൂടുതൽ സംസാരം തന്റെ സഹതാരത്തിന് പണി കിട്ടുന്നതിലേക്ക് നയിക്കും എന്ന് മനസിലാക്കിയ കെഎൽ രാഹുൽ പെട്ടെന്ന് തന്നെ താരത്തിന്റെ തോളിൽ തട്ടി സംസാരം അവസാനിപ്പിച്ചു.
ഒരു സീനിയർ താരം എങ്ങനെയാണോ പെരുമാറേണ്ടത് അത്തരത്തിൽ ആ സാഹചര്യത്തിൽ മനോഹരമായി പെരുമാറിയ രാഹുലിനെ അഭിനന്ദിക്കുകയാണ് ആരാധകർ. അതേസമയം മത്സരം ലഞ്ചിന് പിരിയുമ്പോൾ 109 – 1 എന്ന നിലയിലാണ് ഇംഗ്ലണ്ട് നിൽക്കുന്നത്.













Discussion about this post