2025-ൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് പുതിയ റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് പര്യടനത്തിനിടെ അവസാന ടെസ്റ്റ് നടക്കുന്ന സമയത്ത് തന്നെ താരത്തെ സ്‌ക്വാഡിൽ നിന്ന് തന്നെ ഒഴിവാക്കിയിരുന്നു. പരിക്കിന്റെ സാധ്യത ഒഴിവാക്കാൻ ബിസിസിഐ ചെയ്തതാണിത്.
അടുത്തിടെ ഉള്ള ടെസ്റ്റ് പരമ്പരകൾ പരിശോധിച്ചാൽ താരത്തിന് ജോലിഭാരം കൂടുതൽ ആയിരുന്നു എന്നത് എറിഞ്ഞ ഓവറുകളുടെ എണ്ണം കാണുമ്പോൾ തന്നെ മനസിലാകും. ഇംഗ്ലണ്ടിൽ നടന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി പരമ്പരയിൽ, മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഏകദേശം 120 ഓവറുകൾ ബൗൾ ചെയ്തു, രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 14 വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ മൂന്നാം ടെസ്റ്റിൽ, അദ്ദേഹം ക്ഷീണിതനായി കാണപ്പെടുകയും ഒരു ഇന്നിംഗ്സിൽ 100-ലധികം റൺസ് വഴങ്ങുകയും ചെയ്തു, അദ്ദേഹത്തിന്റെ കരിയറിൽ മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒന്ന് ആയിരുന്നു ഇത്. സ്പീഡിൽ ഒകെ മുമ്പ് ഒരിക്കലും ഇല്ലാത്ത കുറവ് താരത്തിന്റെ അന്നത്തെ സ്പെല്ലിൽ കാണാൻ സാധിച്ചു. ഇത് ഇംഗ്ലണ്ട് മുതലാക്കുകയും ചെയ്തു.
ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ ചീഫ് സെലക്ടർ അജിത് അഗാർക്കറും പുതിയ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ബുംറയുടെ ഫിറ്റ്നസ് നിയന്ത്രിക്കാൻ സഹായിക്കുന്നതിന് അഞ്ച് ടെസ്റ്റുകളും താരം കളിക്കില്ലെന്ന് പറഞ്ഞിരുന്നു. സെപ്റ്റംബർ 9 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പും അതിനുശേഷം ദിവസങ്ങൾക്ക് ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയും ഉള്ളതിനാൽ, 2025 ലെ ഏഷ്യാ കപ്പിൽ നിന്ന് ബുംറ വിട്ടുനിൽക്കാൻ സാധ്യതയുണ്ട് എന്നാണ് പുതിയ വാർത്ത. അടുത്ത വർഷം നടക്കുന്ന ടി 20 ലോകകപ്പിന് മുമ്പ് ജനുവരിയിൽ ഇന്ത്യക്ക് കിവീസുമായി ടി 20 പരമ്പര കളിക്കാൻ ഉണ്ട്. ലോകകപ്പ് പരിശീലനത്തിന്റെ ഭാഗമായി കാണുന്ന ആ പരമ്പരയിൽ ആയിരിക്കും ഒരുപക്ഷെ നമ്മൾ ഇനി ബുംറയെ ഇന്ത്യയുടെ നീല ജേഴ്സിയിൽ കാണുക.
സൗത്താഫ്രിക്കൻ ടെസ്റ്റ് പര്യടനം ഉൾപ്പടെ ഉള്ള പ്രധാന സീരീസുകൾ വരുമ്പോൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടിക കൂടി മുന്നിൽ നിർത്തി ആയിരിക്കും ഇനി ഇന്ത്യയുടെ “ബുംറ പ്ലാനിങ് ” നടക്കുക എന്ന് ഉറപ്പിക്കാം.
Discussion about this post