ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആവേശകരമായ ഒരു അന്ത്യത്തിലേക്ക് ടെസ്റ്റ് നീങ്ങുകയാണ്. ഇരു ടീമുകൾക്കും വിജയിക്കാനുള്ള യഥാർത്ഥ സാധ്യത നിലനിൽക്കുന്നതിനാൽ ഇന്ന് ആവേശകരമായ പോരാട്ടം നമുക്ക് പ്രതീക്ഷിക്കാം. സ്ലെഡ്ജിനും പോർവിളികളും തമാശകളും നിരാഞ്ഞ ടെസ്റ്റ് പരമ്പരയിൽ ഓവലിലും കാര്യങ്ങൾ വ്യത്യസ്തമല്ലായിരുന്നു . ആകാശ് ദീപും ബെൻ ഡക്കറ്റും ജോ റൂട്ടും പ്രസിദ്ധ് കൃഷ്ണയും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി.
എന്തായാലും ഇപ്പോൾ ഇംഗ്ലണ്ട് ടീമും ഡക്കറ്റും മുഹമ്മദ് സിറാജിനെ ‘മിസ്റ്റർ ആംഗ്രി’ എന്ന് വിളിക്കുന്നുണ്ടെന്ന് മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് വെളിപ്പെടുത്തി. ലോർഡ്‌സ് ടെസ്റ്റിനിടെ സിറാജും ഡക്കറ്റും തമ്മിൽ ഉണ്ടായ ഒരു വാഗ്വാദത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര് കിട്ടിയത്. രണ്ടാം ഇന്നിംഗ്‌സിൽ സിറാജ് ഡക്കറ്റിനെ, പുറത്താക്കിയതിന് ശേഷം അദ്ദേഹത്തിന് യാത്രയയപ്പ് കളിപ്പൻ യാത്രയപ്പ് നൽകുക ആയിരുന്നു. പിന്നീട് ഐസിസി മാച്ച് റഫറി സിറാജിനെ ശാസിക്കുകയും മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തുകയും ചെയ്തു.
ജിയോഹോട്ട്സ്റ്റാറിനോട് സംസാരിച്ച ബ്രോഡ് പറഞ്ഞത് ഇങ്ങനെ “നമുക്ക് ഈ വഴക്കുകൾ ഇനിയും കാണാൻ കഴിയും. പരമ്പരയിലുടനീളം ഇത് സ്ഥിരമായി സംഭവിച്ചു. ബെൻ ഡക്കറ്റ് പരിശീലനത്തിൽ ചില ഷാഡോ ഷോട്ടുകൾ പരിശീലിക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. സിറാജും അവിടെ ഉണ്ടായിരുന്നു. ഡക്കറ്റ് സിറാജിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഹലോ, മിസ്റ്റർ ആംഗ്രി, ഗുഡ് മോർണിംഗ്, മിസ്റ്റർ ആംഗ്രി, സുഖമാണോ?’ പിന്നെ ഞാൻ ബെന്നിനോട് ചോദിച്ചു, “മിസ്റ്റർ ആംഗ്രി എന്നുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?” ഞങ്ങൾ ഇപ്പോൾ സിറാജിനെ ആ പേരിലാണ് വിളിക്കുന്നത് എന്നാണ് ബെൻ പറഞ്ഞത്.” ബ്രോഡ് പറഞ്ഞു.
അതേസമയം ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഓവലിൽ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 50 എന്ന നിലയിലാണ്. സാക് ക്രോളിയുടെ (14) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഈ വിക്കറ്റ് വീണതോടെ ഇന്ത്യയുടെ ജയസാധ്യതയും വർദ്ധിച്ചിട്ടുണ്ട് എന്ന് പറയാം.













Discussion about this post