ഇന്നലെ വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്താനെ തകർത്ത് സൗത്ത് ആഫ്രിക്ക കിരീടം സ്വന്തമാക്കിയു വാർത്ത ഏവരും ശ്രദ്ധിച്ച ഒന്നാണ്. സൗത്ത് ആഫ്രിക്കൻ താരം എ ബി ഡിവില്യേഴ്‌സിന്റെ സെഞ്ച്വറി കരുത്തിലാണ് അവർ കിരീടത്തിൽ മുത്തമിട്ടത്. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന ഫൈനലിൽ പാകിസ്താൻ ചാംപ്യൻസിനെ ഒൻപത് വിക്കറ്റിനാണ് ഡിവില്യേഴ്‌സും സംഘവും തോല്പിച്ചത്.
ടൂർണമെന്റിൽ ഉടനീളം മാസ്മരിക പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് കലാശപ്പോരാട്ടത്തിലും വെടിക്കെട്ട് തുടർന്നു. ഫൈനലിൽ 60 പന്തിൽ 120 റൺസുമായി ഡിവില്ലിയേഴ്‌സ് പുറത്താവാതെ നിന്നു. ഏഴ് സിക്‌സറുകളും 12 ബൗണ്ടറികളും ഉൾപ്പടെയാണ് മിസ്റ്റർ 360യുടെ ഗംഭീര ഇന്നിങ്സ്. മിസ്റ്റർ 360 യുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് തന്നെ ആയിരുന്നു ഇത്തവണത്തെ ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് ടൂർണമെന്റിന്റെ പ്രധാന ആകർഷണം. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയ താരം ക്രീസിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ ആവനാഴിയിൽ ഏതൊക്കെ അസ്ത്രമാണ് ഇനി ഉണ്ടാകുക എന്നതായിരുന്നു അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകർ നോക്കിയാ കാര്യം. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ ഒരു കാര്യം വ്യക്തമായി, ആ ആവനാഴിയിൽ അദ്ദേഹം പണ്ട് മുതൽ രാകിമിനുക്കി എടുത്ത എല്ലാ വസ്ത്രങ്ങളും ഇരട്ടി മൂർച്ചയിൽ അവിടെ തന്നെ ഉണ്ടെന്ന്.
ഗ്രൗണ്ടിന്റെ നാലുപാടും കിടന്നും ഇരുന്നും നിന്നുമൊക്കെ ഷോട്ടുകൾ കളിച്ച് എതിർ പാളയത്തിൽ പോലും ആരാധകരെ സൃഷ്‌ടിച്ച എബി ആടിത്തിമിർത്തപ്പോൾ ഉയർന്ന ഒരു ചോദ്യം ഇങ്ങനെ ആയിരുന്നു. എന്തിനാണ് മനുഷ്യാ നിങ്ങൾ ഇത്ര നേരത്തെ വിരമിച്ചത്? അദ്ദേഹത്തിന്റെ മുൻ സഹതാരം കൂടിയ സ്റ്റെയ്ൻ ആകട്ടെ ഡിവില്ലേഴ്‌സ് ഇപ്പോഴും ഏറ്റവും ബെസ്റ്റ് ആണെന്നും ഐപിഎൽ കളിക്കുന്ന നിലവിൽ ഉള്ള പല താരങ്ങളെക്കാൾ മികച്ചവൻ ആണെന്നും ഇന്നലത്തെ ഫൈനലിന് പിന്നാലെ പറയുകയും ചെയ്തു. കരിയറിന്റെ ഏറ്റവും പീക്കിൽ നിന്ന സമയത്തുള്ള വിരമിക്കലിന്റെ കാരണം ചോദിച്ചപ്പോൾ , ” ഞാൻ ക്ഷീണിതനാണ് ഇനി വയ്യ” എന്നായിരുന്നു ഡിവില്ലേഴ്‌സ് പറയുന്നത്. യഥാർത്ഥത്തിൽ സ്വരം നന്നായിരുന്നപ്പോൾ തന്നെ പാട്ട് നിർത്തുന്ന പരിപാടിയാണ് അദ്ദേഹം ചെയ്തത്. “എന്റെ ഏറ്റവും മികച്ചത് മതി നിങ്ങൾ ഓർക്കാൻ, മോശം കാലം വരുന്നതിന് മുമ്പേ ഞാൻ ഇറങ്ങുന്നു” എന്ന ഡിവില്ലേഴ്‌സ് രീതി അന്ന് പലർക്കും ഞെട്ടൽ ആയിരുന്നു എങ്കിലും ഇന്ന് അയാൾ തന്നെ ആയിരുന്നു ശരി എന്ന് മനസിലാക്കാൻ നേരെ ഇന്ത്യൻ പരിശീലകൻ ഗംഭീറിലേക്ക് നിങ്ങൾ നോക്കിയാൽ മതി..
രാഹുൽ ദ്രാവിഡിന്റെ പരിശീലക കാലയളവ് അവസാനിച്ച ശേഷം ഗംഭീർ ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോൾ ഒരുപാട് ആരാധകർ അദ്ദേഹത്തിന്റെ മാജിക്കിൽ പ്രതീക്ഷ അർപ്പിച്ചിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയെ കിരീടങ്ങളിലേക്ക് നയിച്ച, ഇന്ത്യയെ നയിക്കാൻ അവസരം കിട്ടിയപ്പോൾ ഒകെ മികവ് കാണിച്ച താരത്തിൽ പ്രതീക്ഷ അർപ്പിക്കുന്നതിൽ ആരും കുറ്റപെടുത്തില്ല എന്നതാണ് സത്യം. എന്നാൽ പിന്നെ സംഭവിച്ച കാര്യങ്ങൾ അത്ര സുഖമായിരുന്നില്ല എന്ന് പറയാം. വൈറ്റ് ബോൾ ഫോർമാറ്റിൽ മികവ് കാണിക്കുമ്പോൾ പോലും ടെസ്റ്റിൽ ഇന്ത്യയുടെ പ്രകടനം ഏറെ പിന്നോക്കം പോകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഗംഭീർ പരിശീലകനായി എത്തുന്ന സമയത്ത് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എത്താൻ എല്ലാ സാധ്യതയും ഉണ്ടായിരുന്ന ഇന്ത്യക്ക് പെട്ടെന്നാണ് കാര്യങ്ങൾ കൈവിട്ട് പോയത്.
എന്നാൽ അവിടെ കിവീസിനോട് ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ( 0 – 3 ) പരമ്പര കൈവിട്ടപ്പോൾ അത് ഒരു റെഡ് സിഗ്നൽ ആയിരുന്നു. സ്വന്തം മണ്ണിൽ എതിരാളികൾ ആരും വന്നാലും തോൽപ്പിച്ച് വിട്ട സ്ഥലത്ത് നിന്ന് പരമ്പര അതിദയനീയമായി എങ്ങനെ കൈവിട്ടു എന്ന ചോദ്യമാണ് അന്ന് ആരാധകർ ചോദിച്ചത്. ശേഷം കഴിഞ്ഞ രണ്ട് തവണയും പരമ്പര നേടിയ ഓസ്‌ട്രേലിയൻ മണ്ണിലേക്ക് പോകുമ്പോൾ ഇന്ത്യ ജയിച്ചുകയറും എന്ന് ആരാധകർ കരുതി. ആദ്യ ടെസ്റ്റ് ജയിച്ചെങ്കിലും പരമ്പരയിലെ ശേഷിക്കുന്ന നാല് മത്സരങ്ങളിൽ മൂന്നും തോറ്റ് ഇന്ത്യ നാണംകെട്ട് മടങ്ങി. ആ പരമ്പരയിൽ ജസ്പ്രീത് ബുംറയെ അധികമായി ആശ്രയിച്ചതിന് താരത്തിന്റെ പരിക്കിലൂടെയാണ് ഇന്ത്യക്ക് പണി കിട്ടിയത്. തോൽവിയോടെ ഇന്ത്യ ഫൈനലിൽ എത്താതെ പുറത്താകുന്നു, അതോടെ ഗംഭീറിന്റെ രക്തത്തിനായി മുറവിളി കൂടിയതാണ്. എന്നാൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ജയിച്ചുകയറിയത് ഗംഭീറിന് ഗുണമായി ബിസിസിഐ കണ്ടു.
എന്തായാലും പുതിയ ലോക ചാമ്പ്യൻഷിപ് ടൂർണമെന്റ് ഇംഗ്ലണ്ടിൽ നടക്കുമ്പോൾ സീനിയർ താരങ്ങളായ കോഹ്‌ലി, രോഹിത്, അശ്വിൻ എന്നിവരുടെ വിരമിക്കലിനു ശേഷം ഏവരും എന്താണ് ഗംഭീറിന്റെ പദ്ധതി എന്ന് നോക്കി. എന്നാൽ ബുംറയും സിറാജും അടങ്ങുന്ന താരങ്ങളെ മാറ്റി നിർത്തിയാൽ വളരെ മോശം പേസ് അറ്റാക്കുമായിട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിൽ ഇറങ്ങിയത്.എന്തായാലും ആദ്യ മത്സരത്തിലെ തോൽവിക്ക് ഫീൽഡിങ്ങിലെ പിഴവുകൾ വലിയ പങ്ക് വഹിച്ചു എങ്കിലും ആ മത്സരത്തിൽ ജസ്പ്രീത് ബുംറ എന്ന ഒറ്റയാനെ ചുറ്റിപ്പറ്റിയുള്ള തന്ത്രമാണ് ഇന്ത്യ പരീക്ഷിച്ചത്. രണ്ടാം മത്സരത്തിൽ ആകട്ടെ ബുംറയുടെ അഭാവത്തിൽ രണ്ടും കൽപ്പിച്ച് ഇറങ്ങിയ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കുന്നു. മൂന്നാം മത്സരത്തിലേക്ക് വന്നാൽ അവിടെ ജയം ഉറപ്പിച്ച സന്ദർഭത്തിൽ നിന്നാണ് ഇന്ത്യ പരാജയപ്പെട്ടത്. നാലാം മത്സരത്തിൽ ആകട്ടെ തോൽവി ഉറപ്പിച്ച സ്ഥലത്ത് നിന്ന് ഇന്ത്യ സമനില പിടിച്ചെങ്കിലും ഇംഗ്ലണ്ട് പരമ്പരയിൽ ( 1 – 2 ) പിന്നിൽ പോയിരുന്നു.
ശ്രേയസ് അയ്യരെ പോലെ സമീപകാലത്ത് ഏറ്റവും സ്ഥിരത കാണിച്ച താരങ്ങളെ തിരഞ്ഞെടുക്കാതെ, ആഭ്യന്തര ക്രിക്കറ്റിൽ ഫോമിൽ അല്ലാത്ത താക്കൂറിന്റെ സെലെക്ഷൻ, കൊൽക്കത്തയിൽ തന്റെ ശിഷ്യ ഗണങ്ങളായ താരങ്ങളുടെ ഉൾപ്പെടുത്താൻ തുടങ്ങി വമ്പൻ അബദ്ധങ്ങൾ താരം ഈ ടൂർണമെന്റിൽ ചെയ്തു. മുമ്പ് അനുഭവങ്ങൾ ഉണ്ടായിട്ടും ആവർത്തിക്കുന്ന അതെ അബദ്ധം ഈ പരമ്പരയിലും ഗംഭീർ തുടർന്നു, സാഹചര്യത്തിന് അനുസരിച്ചുള്ള തന്ത്രങ്ങളുടെ അഭാവം തന്നെ.
എന്തായാലും സ്വരം നന്നായി ഇരിക്കുമ്പോൾ പാട്ട് നിർത്തിയ എബി ഇന്നും ഹീറോ ആകുമ്പോൾ സീറോ ആകും മുമ്പ് ഉള്ള മോശം സ്വരവുമായി ടെസ്റ്റ് പരിശീലക സ്ഥാനം അഴിച്ചുവെക്കുന്നത് ആകും ഗംഭീറിന് നല്ലത്. അദ്ദേഹം അതിന് തയാറായില്ലെങ്കിൽ ബിസിസിഐ ആയിട്ട് ആ ഗുണം ഇന്ത്യൻ ക്രിക്കറ്റിനായി ചെയ്യുക…













Discussion about this post