പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലേക്ക് നിർമ്മാതാവ് സാന്ദ്ര തോമസ് സമർപ്പിച്ച പത്രിക തള്ളി. പ്രസിഡൻറ്, ട്രഷറർ സ്ഥാനത്തേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചിരുന്നത്. ചുരുങ്ങിയത് 3 സിനിമകൾ എങ്കിലും നിർമ്മിച്ചാൽ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് ഒരു അംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
രണ്ട് സിനിമകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂവെന്ന വരണാധികാരിയുടെ വാദത്തെ സാന്ദ്രതോമസ് എതിർത്തു. ലിറ്റിൽ ഹാർട്‌സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ചിത്രങ്ങൾ. എന്നാൽ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാർട്ണർ താനായിരുന്നുവെന്നും ആ ബാനറിൽ എടുത്ത ചിത്രങ്ങൾ തന്റെ പേരിലാണ് സെൻസർ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചു.ഒരു സ്ഥിരം അംഗത്തിന് മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ മത്സരത്തിന് യോഗ്യത ഉണ്ടെന്നാണ് ബൈലോയിൽ പറയുന്നതെന്നും ഒൻപത് സിനിമകൾ തന്റെ പേരിൽ സെൻസർ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു. എന്നാൽ ഒരു സിനിമ നിർമ്മിച്ചാൽ മാത്രം മത്സരിക്കാവുന്ന എക്‌സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് സാന്ദ്രയ്ക്ക് മത്സരിക്കാമെന്നും വരണാധികാരി പറഞ്ഞു. ഇതോടെ വാക്കേറ്റമായി. പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് സാന്ദ്ര തോമസും സുരേഷ് കുമാറും തമ്മിൽ വാക്കുതർക്കവും ഉണ്ടായി.
‘മത്സരിച്ച് ജയിച്ച് കാണിക്ക്, അല്ലാതെ ഇങ്ങനെ കൊതിക്കെറുവ് കാണിക്കുകയല്ല വേണ്ടത്. ഇത് ഒരുമാതിരി നാണമില്ലാത്ത പരിപാടിയായി പോയി. ഞാൻ സിനിമയെടുക്കാത്ത നിർമാതാവല്ല. ഞാൻ ഹിറ്റ് സിനിമകൾ എടുത്തിട്ടുണ്ട്. മൂന്നിൽ കൂടുതൽ ഹിറ്റ് സിനിമകൾ ഞാൻ എടുത്തിട്ടുണ്ട്. അല്ലാതെ ഇതുപോലത്തെ പണി ഞാൻ ഇതുവരെ എടുത്തിട്ടില്ല. മത്സരിച്ച് ജയിച്ച് കാണിക്ക്. അല്ലാതെ ഇതേ ഒരുമാതിരി വൃത്തികെട്ട ഏർപ്പാടാണ്. മത്സരിച്ചാൽ തോൽക്കുമെന്ന് ഉറപ്പ് ഉള്ളോര് ഇതുപോലത്തെ വൃത്തികേട് കാണിക്കും’. എന്നായിരുന്നു സാന്ദ്ര പറഞ്ഞത്.
താൻ കോടതിയിലേക്ക് പോകുമെന്നായിരുന്നു സാന്ദ്രയുടെ പ്രതികരണം. സുരേഷ് കുമാറും സിയാദ് കോക്കറുമൊക്കെ നടത്തുന്നത് ഗുണ്ടായിസമാണെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു.













Discussion about this post