നടി ഉഷ ഹസീനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മാലാ പാർവതി. അമ്മയിൽ അംഗങ്ങളായ നടിമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ ഉഷ ഒരു യൂട്യൂബ് ചാനലിന് ചോർത്തിക്കൊടുത്തു എന്നാണ് മാലാ പാർവതി ആരോപിച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ വലിയ കുറിപ്പുകളായി പോസ്റ്റ് ചെയ്ത വിവരങ്ങൾ പിന്നീട് അവർ ഹൈഡ് ചെയ്തു. തിരഞ്ഞെടുപ്പ് കഴിയും വരെ കുറിപ്പുകൾ എഴുതരുതെന്ന് വിലക്കുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും മാലാ പാർവതി പറഞ്ഞു
യൂട്യൂബ് ചാനൽ എഎംഎംഎയിലെ എല്ലാ വിവാദങ്ങളും പിന്നീട് പ്രവചിക്കാൻ തുടങ്ങിയെന്നും മാലാ പാർവതി കുറ്റപ്പെടുത്തി. ഗ്രൂപ്പിലെ പല നിയമങ്ങളിൽ ഒന്ന് ഗ്രൂപ്പിലെ വാർത്തകൾ പുറത്ത് വിടരുതെന്നതായിരുന്നുവെന്ന് മാലാ പാർവതി പറഞ്ഞു. ഒരുപാട് സെലിബ്രിറ്റീസ് ഉള്ള ഗ്രൂപ്പിൽ നിന്ന് വാർത്തകൾ പുറത്ത് പോകുന്നത് ഡാറ്റാ ചോർച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ് തന്നെയാണെന്നും എന്നാൽ യൂട്യൂബ് ചാനലിൽ സ്‌ക്രീൻ ഷോട്ടടക്കം കണ്ടത് ഞെട്ടലുണ്ടാക്കിയെന്നും മാലാ പാർവതി പറയുന്നു.
‘ജൂലൈ 16ന് @ 0ne 2 Talks എന്ന യൂട്യൂബ് ചാനലിൽ താര സംഘടനയിൽ ജാതിവൽക്കരണവും, കാവിവൽക്കരണവും എന്ന പേരിൽ ഇറങ്ങിയ യൂട്യൂബ് വീഡിയോയിൽ ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടു. പത്ത് മിനിറ്റ് 52 സെക്കന്റ് ഉള്ള വീഡിയോയിൽ 6.05ൽ ഒരു സ്‌ക്രീൻ ഷോട്ട് പ്രത്യക്ഷമാവുന്നുണ്ട്. ഗ്രൂപ്പിന്റെ ആധികാരികത കാണിക്കാൻ ചെയ്തതാണ്. എന്നാൽ ആ സ്‌ക്രീൻ ഷോട്ടിൽ നാലാമത്തെ നമ്പർ ‘മൈ നമ്പർ’ എന്നാണ് കിടക്കുന്നത്. അപ്പോൾ ആ ഫോണിൽ നിന്നാണ് ആ സ്‌ക്രീൻ ഷോട്ട് പോയിരിക്കുന്നത്’, മാലാ പാർവതി പറഞ്ഞു.
ആ നമ്പർ ഉഷ ഹസീനയുടെ രണ്ടാമത്തെ നമ്പറാണെന്നും മാലാ പാർവതി ആരോപിക്കുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചാണ് മാലാ പാർവതിയുടെ പോസ്റ്റ്. ‘അമ്മയുടെ പെൺമക്കൾ’ എന്ന ഗ്രൂപ്പ് തുടങ്ങുമ്പോൾ എഎംഎംഎ പറഞ്ഞിട്ട് തുടങ്ങുന്നതാണെന്ന് പറഞ്ഞിരുന്നുവെന്ന് മാലാ പാർവതി പറയുന്നു. ഗ്രൂപ്പിൽ ചിലർക്ക് ചില നിയമങ്ങളാണെന്നും അവർ സൂചിപ്പിക്കുന്നു. ഭീഷണിയുടെ സ്വരം അംഗീകരിക്കാൻ പറ്റാത്തത് കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പിന്മാറുന്നുവെന്ന് പറയുന്ന സന്ദേശവും മാല പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഗ്രൂപ്പിന് എഎംഎംഎയുമായി ബന്ധമില്ലെന്നാണ് സരയുവും അഡ്മിൻ പാനലിലെ ഒരു അഡ്മിനും മറുപടി നൽകിയതെന്ന് പറയുന്ന മാലാ പാർവതി ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് ആർക്ക് വേണ്ടിയാണെന്നും ചോദിക്കുന്നു.
കഴിഞ്ഞ ദിവസം എഎംഎംഎയിലെ മെമ്മറി കാർഡ് വിവാദത്തിലും ഉഷ ഹസീനയ്ക്കെതിരെ മാലാ പാർവതി രംഗത്തെത്തിയിരുന്നു. 2018 മുതൽ 2025 വരെ ഒരു ജനറൽ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ല. തെരഞ്ഞെടുപ്പിൽ ബാബുരാജിനെ പ്രകീർത്തിച്ചുകൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ തെരഞ്ഞെടുപ്പ് തന്ത്രമായാണ് താൻ കാണുന്നതെന്നും മാലാ പാർവതി പറഞ്ഞിരുന്നു.










Discussion about this post