ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ പത്തൊമ്പതാം സീസണിലേക്ക് കടക്കുകയാണ്. ആവേശകരമായ പതിനെട്ടാം സീസണിന് ശേഷം ടീമുകൾ എല്ലാം തന്നെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ഡിസംബറിൽ നടക്കുന്ന മിനി ലേലത്തിന് മുമ്പ് ടീമുകൾക്ക് സ്‌ക്വാഡ് ശക്തിപ്പെടുത്തുന്നതിനായി ഐപിഎൽ ട്രേഡ് വിൻഡോ ഓപ്പണാക്കി കഴിഞ്ഞു.
പല സൂപ്പർതാരങ്ങളെയും ടീമുകൾ ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്തിയെങ്കിലും കിരീടം നേടാൻ സാധിക്കാതിരുന്ന മുംബൈ ഇന്ത്യൻസ് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. ടീമിലെ പ്രമുഖ താരങ്ങളെ മുംബൈ റിലീസ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ ഏറ്റവും പ്രധാന പേര് പേസർ ദീപക് ചഹാറിന്റെയാണ്. വാശിയേറിയ വിളിയിൽ മെഗാ ലേലത്തിൽ മുംബൈ ക്യാമ്പിൽ എത്തിച്ച താരത്തിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല. അതിനാൽ തന്നെ താരത്തെ റിലീസ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ ഇംഗ്ലണ്ട് പേസർ റീസ് ടോപ്‌ളിയും റിലീസ് ലിസ്റ്റിൽ ഉണ്ട്.
അഫ്ഗാൻ സ്പിന്നർ മുജീബ് ഉർ റഹ്മാൻ, ഇംഗ്ലീഷ് ഓപ്പണർ ജോണി ബെയർസ്റ്റോ, ഇംഗ്ലണ്ടിൽ നിന്നുള്ള മറ്റൊരു പേസർ റിച്ചാർഡ് ഗ്ലെസൺ, ഇന്ത്യയിൽ നിന്നുള്ള യുവതാരങ്ങളായ സത്യനാരായണൻ രാജു, റോബിൻ മിൻസ്, സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ എന്നിവരും ലിസ്റ്റിൽ ഉൾപ്പെടുന്നു.
മിനി ലേലത്തിൽ ഇവരെക്കാൾ മികച്ച താരങ്ങളെ പാളയത്തിൽ എത്തിക്കാനായിരിക്കും മുംബൈ ശ്രമിക്കുക.













Discussion about this post