ഗൗതം ഗംഭീറും കൂട്ടരും നെറ്റ്സിലെ ബാറ്റിംഗിൽ ബോളിങ് എന്ന പോലെ കേന്ദ്രീകരിക്കുകയാണെങ്കിൽ മുഹമ്മദ് സിറാജിന് ഇന്ത്യയിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാകാൻ കഴിയുമെന്ന് യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിംഗ് പറഞ്ഞു. കെന്നിംഗ്ടൺ ഓവലിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ആവേശ ജയം നേടി പരമ്പര സമനിലയിലാക്കിയപ്പോൾ മുഹമ്മദ് സിറാജ് ആയിരുന്നു മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ബുംറ ഇല്ലാത്ത സാഹചര്യത്തിൽ ടീമിന്റെ ബോളിങ് അറ്റാക്കിനെ നയിച്ച താരം പൂർണ മികവ് കാണിക്കുക ആയിരുന്നു.
പരമ്പരയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരൻ എന്നതിന് മാത്രമല്ല. എല്ലാ മത്സരങ്ങളും കളിച്ച് ഇന്ത്യയിലെ ഏറ്റവും കഠിനാധ്വാനിയായ ബൗളർ താൻ ആണെന്ന് തെളിയിച്ചുകൊണ്ടാണ് മുഹമ്മദ് സിറാജ് പരമ്പര അവസാനിപ്പിച്ചത്. മുൻ ക്രിക്കറ്ററും യുവരാജ് സിങിന്റെ പിതാവുമായ യോഗ്‌രാജ് പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് സിറാജുമായി ബന്ധപ്പെട്ട അഭിപ്രായം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“മുഹമ്മദ് സിറാജ്, അദ്ദേഹം വളരെ വളരെ മികച്ച ഒരു ബൗളറായി മാറിയിരിക്കുന്നു എന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. അയാൾ തന്റെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ, ഇപ്പോൾ ഒരു ഫാസ്റ്റ് ബൗളറായ അയാൾ ബോളിങ്ങിൽ അദ്ധ്വാനിക്കുനത് പോലെ നെറ്റ്സിൽ രണ്ട് മണിക്കൂർ ബാറ്റ് ചെയ്താൽ ഏറ്റവും മികച്ച ഓൾറൗണ്ടറായി മാറും,” യോഗ്‌രാജ് സിംഗ് പറഞ്ഞു.
“ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ പോലും ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയുന്ന ഒരു ബൗളിംഗ് യൂണിറ്റ് ഉള്ളത് നമുക്ക് വളരെ പോസിറ്റീവായ ഒരു കാര്യമാണ്. ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് സ്കോർബോർഡിൽ കുറച്ച് റൺസ് നൽകാൻ കഴിയുമെങ്കിൽ ഈ ബോളിങ് യൂണിറ്റ് മികവ് കാണിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും പരമ്പരയിലെ ടോപ് വിക്കറ്റ് ടേക്കറായ സിറാജിന് വലിയ അഭിനന്ദനമാണ് സ്വന്തം നാട്ടിൽ വന്നിറങ്ങിയപ്പോൾ കിട്ടിയത്.
Discussion about this post