പട്ന : രാഹുൽ ഗാന്ധി അല്ല ആര് എന്തുതന്നെ പറഞ്ഞാലും ഇന്ത്യയിൽ ജനിക്കാത്തവർക്ക് രാജ്യത്ത് വോട്ടവകാശം ഉണ്ടാകില്ല എന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണം (SIR) സംബന്ധിച്ച രാഷ്ട്രീയ വിവാദത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്നത് വെറും പ്രഹസനം മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജവഹർലാൽ നെഹ്റു ആരംഭിച്ച വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയം രാഹുൽഗാന്ധി ഇപ്പോൾ തുടരുക മാത്രമാണ് ചെയ്യുന്നത് എന്നും അമിത് ഷാ വ്യക്തമാക്കി.
ബീഹാറിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അമിത് ഷാ ഇക്കാര്യങ്ങൾ പരാമർശിച്ചത്. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നുഴഞ്ഞുകയറ്റക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണോ വേണ്ടയോ എന്ന് ഷാ അവിടെയുണ്ടായിരുന്ന ആളുകളോട് ചോദിച്ചു. ഇന്ത്യയിൽ ജനിക്കാത്തവർക്ക് ഇന്ത്യൻ ഭരണഘടന വോട്ടവകാശം നൽകുന്നില്ല. രാഹുൽ ഗാന്ധി ഭരണഘടനയുമായി ചുറ്റിനടക്കുന്നുണ്ട്, എന്നാൽ അദ്ദേഹം അത് തുറന്നു വായിക്കുകയും വേണം. നുഴഞ്ഞുകയറ്റക്കാർ അവരുടെ വോട്ട് ബാങ്ക് ആയതിനാലാണ് അവർ പ്രതിഷേധിക്കുന്നത് എന്നും അമിത് ഷാ വ്യക്തമാക്കി.
ബീഹാറിൽ ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. തേജസ്വി യാദവിനോട് ഞാൻ ചോദിക്കട്ടെ, അദ്ദേഹത്തിന്റെ അച്ഛനും അമ്മയും വളരെക്കാലം അധികാരത്തിലിരുന്നു. ഗുണ്ടാസംഘങ്ങളെ സംഘടിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, മോചനദ്രവ്യം ആവശ്യപ്പെടൽ എന്നിവയല്ലാതെ മിഥിലാഞ്ചലിന്റെ വികസനത്തിനായി നിങ്ങൾ എന്താണ് ചെയ്തത്? രാജ്യം ഒന്നിച്ചു നിന്ന് അഭിമാനത്തോടെ കണ്ട ഓപ്പറേഷൻ സിന്ദൂരിനെ കോൺഗ്രസ് പാർട്ടിയും ലാലുവും പാർലമെന്റിൽ എതിർക്കുകയാണ് ചെയ്യുന്നത്. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം ഇപ്പോഴേ അംഗീകരിച്ചതിനാൽ പ്രതിപക്ഷ പാർട്ടികൾ ഒഴികഴിവുകൾ തേടുകയാണ് എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
Discussion about this post