2002-ൽ ഇംഗ്ലണ്ടിൽ നടക്കാൻ പോകുന്ന നാറ്റ്‌വെസ്റ്റ് ട്രോഫിക്ക് മുമ്പ്, ശ്രീലങ്കയ്‌ക്കെതിരായ ഓവലിൽ ഇന്ത്യ ഒരു ഏകദിന മത്സരം കളിക്കുന്നു. ഇംഗ്ലണ്ട് കൂടി ഭാഗമായ ഒരു പരമ്പര ആയിരുന്നു അത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക 202 റൺസിന് പുറത്താകുന്നു. ഇന്ത്യയുടെ ലക്ഷ്യം 203 റൺസ് . നിർഭയവും ആക്രമണാത്മകവുമായ ബാറ്റിംഗിന് പേരുകേട്ട വീരേന്ദർ സെവാഗ് ഗാംഗുലിക്കൊപ്പം ഓപ്പൺ ചെയ്യാൻ ഇറങ്ങുന്നു. അമിതമായ ആവേശം കാണിക്കാതെ സാവധാനം കളിക്കാനുള്ള ഇന്ത്യൻ പരിശീലകൻ ജോൺ റൈറ്റിന്റെ ഉപദേശം സെവാഗിന് സ്ഥിരവുമായി കിട്ടിയിരുന്ന സമയം ആയിരുന്നു അത്. ആ മത്സരത്തിൽ സെവാഗ് മോശം ഷോട്ട് കളിച്ച് പുറത്തായാൽ താൻ സെവാഗിനെ തല്ലുമെന്ന് ജോൺ റൈറ്റ് പറഞ്ഞിരുന്നു. എന്നാൽ അന്നും അദ്ദേഹം തന്റെ ശൈലി വിടാൻ തയ്യാറാകാതിരുന്ന സെവാഗ് മോശം ഷോട്ട് കളിച്ച് 12 റൺ നേടി പുറത്തായി.
സെവാഗിന്റെ വിക്കറ്റിന് മുമ്പ് ഇന്ത്യക്ക് 7 റൺ എടുത്ത ഗാംഗുലിയുടെ വിക്കറ്റ് നഷ്ടമായിരുന്നു. ഇതോടെ ഇന്ത്യക്ക് കാര്യങ്ങൾ പണിയായി. എന്നിരുന്നാലും അപകടം അവിടെ ആയിരുന്നില്ല, സെവാഗിനെ തല്ലും എന്ന് പറഞ്ഞ ജോൺ റൈറ്റ് ഡ്രസിങ് റൂമിൽ ഇരിക്കുന്നു. വീരു ആകട്ടെ പ്രത്യേകിച്ച് ഒരു കുലുക്കവും ഇല്ലാതെ ഡ്രസിങ് റൂമിലേക്ക് എത്തുന്നു.
അപ്പോൾ ഡ്രസിങ് റൂമിൽ ” പിൻ ഡ്രോപ്പ് സൈലെൻസ്” ആയിരുന്നു എന്നാണ് നായകൻ ഗാംഗുലി പറഞ്ഞത്. സെവാഗ് വന്നയുടനെ ജോൺ റൈറ്റ് യുവ ഓപ്പണറുടെ കോളറിൽ പിടിച്ചു, നേരെയൊരു കസേരയിലേക്ക് തള്ളിയിട്ടു: “നീ ഇനി ഒരിക്കലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ പോകുന്നില്ല, കാരണം ആ ഷോട്ട് ഇന്ത്യയുടെ തോൽവിക്ക് കാരണമായേക്കാം”
സെവാഗിനെ സംബന്ധിച്ച് അദ്ദേഹത്തിന് ദേഷ്യം വന്നതിൽ കുറ്റം പറയാൻ പറ്റില്ലല്ലോ. അയാൾ നേരെ ടീം മാനേജരുടെ അടുത്ത് ചെന്നിട്ട് ” എന്നെ ടീമിൽ നിന്ന് ഒഴിവാക്കുക, ഇനി ഞാൻ കളിക്കില്ല, എന്നെ ഉപദ്രവിക്കാൻ അയാൾക്ക് ആര് അധികാരം നൽകി” എന്ന് ചോദിച്ചു. എന്തായാലും ടീം മാനേജർ രാജീവ് ശുക്ലയുടെയും സീനിയർ താരമായ സച്ചിന്റെയും മധ്യസ്ഥതയിൽ ഈ പ്രശ്‌നം പിന്നെ ഇരുവരും പറഞ്ഞ് തീർത്തു. അന്നത്തെ ആ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിക്കുകയും ചെയ്തു.
എന്തായാലും സെവാഗിനെ സംബന്ധിച്ച് അന്ന് റൈറ്റ് കോളറിൽ പിടിച്ചെങ്കിലും തന്റെ ശൈലി അയാൾ ഒരിക്കലും വിട്ടില്ല. അതായിരുന്നു അയാളുടെ വിജയവും…..













Discussion about this post