മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ ക്രിക്കറ്റിലെ ഹോട്ട് ടോപ്പിക്ക് ആണ്. സഞ്ജുവിന്റെ ഐപിഎൽ ടീം മാറ്റം, താരത്തിന് ഏഷ്യ കപ്പിൽ ഇടം കിട്ടുമോ, അദ്ദേഹത്തിന്റെ ഇന്ത്യൻ ടീമിലെ ഭാവി ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. ടി 20 യിൽ ഈ കാലഘട്ടത്തിലെ ഏറ്റവും സ്റ്റൈലിഷായ താരത്തിനെക്കുറിച്ച് ഇത്തരം ചർച്ചകൾ നടന്നില്ലെങ്കിൽ അല്ലെ അത്ഭുതമുള്ളു. എന്തായാലും പ്രിയ സഹതാരങ്ങളിൽ ഒരാളായ അശ്വിനുമൊത്തുള്ള സഞ്ജുവിന്റെ പുതിയ പോഡ്‌കാസ്റ്റ് വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അതിൽ സഞ്ജു ഗൗതം ഗംഭീറിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നുണ്ട്.
അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“ഗൗതം ഗംഭീർ ഒരിക്കൽ എന്റെ അടുത്ത് വന്ന് എന്താണ് എനിക്ക് സംഭവിച്ചതെന്ന് ചോദിച്ചു. എന്റെ തുടക്കം വലിയ സ്കോറാക്കി മാറ്റാൻ കഴിയില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു, ‘നീ 21 തവണ പൂജ്യനായി മടങ്ങിയാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല’. എനിക്ക് ശരിക്കും സുരക്ഷിതത്വം തോന്നി, അതിനുശേഷം റൺസ് നേടാൻ ആ വാക്കുകൾ എന്നെ സഹായിച്ചു”.
സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന് സഞ്ജു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. അടുത്ത മാസം ഒൻപത് മുതൽ ഇരുപത്തിയെട്ട് വരെ യുഎഇയിലാണ് മത്സരങ്ങൾ നടക്കുക. ഇപ്പോഴും യുഎഇ മണ്ണിൽ മത്സരങ്ങൾക്ക് ഇറങ്ങുക എന്നത് സന്തോഷാണ് തരുന്ന കാര്യമാണെന്നും അവസരത്തിനായി കാത്തിരിക്കുന്നു എന്നും പറഞ്ഞിരിക്കുകയാണ്.
“ഞാൻ അവസാനമായി ഇവിടെ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചത് U-19 ലോകകപ്പിലായിരുന്നു,. പിന്നീട് ഐപിഎല്ലിലും. ഇവിടുത്തെ ഞങ്ങളുടെ ആളുകളിൽ നിന്ന് എനിക്ക് എപ്പോഴും മികച്ച പിന്തുണയും സന്തോഷവും ലഭിച്ചു. അത് വീണ്ടും അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” സഞ്ജു സാംസൺ പറഞ്ഞു.
ഇത് കൂടാതെ ടീമിൽ സ്ഥാനം ലഭിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതീക്ഷകൾ പങ്കുവെച്ചു. “ടീമിൽ സ്ഥാനം ലഭിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ല. ടൂർണമെന്റിന് ഒരു മാസം ബാക്കിയുണ്ട്. എങ്ങനെയാണ് കാര്യങ്ങൾ പോകുന്നത് എന്ന് നോക്കാം.” അദ്ദേഹം പറഞ്ഞു. ടീം പ്രാഖ്യാപനം ഉടൻ വരാനിരിക്കെ സഞ്ജുവിന് ഇടം കിട്ടുമെന്നാണ് പ്രതീക്ഷ.













Discussion about this post