ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത തലമുറയിലെ താരങ്ങൾ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും ഇന്ത്യൻ ജേഴ്സിയിൽ തിളങ്ങാനും ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. 14 വയസ്സുള്ള വൈഭവ് സൂര്യവംശി ഇതിന് ഒരു ഉദാഹരണമാണ്, ഇന്ത്യൻ ക്രിക്കറ്റിലെ നെക്സ്റ്റ് ബിഗ് തിങ് എന്ന് ഇപ്പോൾ തന്നെ താരം അറിയപ്പെടുന്നു. 2025 ലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തന്റെ സ്ഫോടനാത്മക ബാറ്റിംഗിലൂടെ സൂര്യവംശി വാർത്തകളിൽ നിറഞ്ഞിരുന്നു. എതിരാളി ആരെന്നോ, മുന്നിൽ ഉള്ള ബോളർ ഏത് കൊലകൊമ്പൻ എന്നോ നോക്കാതെ ആരെ കിട്ടിയാലും അടിക്കും എന്ന അറ്റ്റിട്യൂഡിലാണ് താരം ബാറ്റ് വീശുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, സൂര്യവംശി ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം നടത്തുന്നു. അവിടെ താരത്തിന് വ്യക്തിപരമായ പരിശീലനവും വിദഗ്ധ പരിശീലകരുടെ മേൽനോട്ടവും ലഭിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർതാരത്തെ ബിസിസിഐ വളരെ ഭംഗിയായി തന്നെ കൈകാര്യം ചെയ്യുന്നു എന്ന് മനസിലാക്കാം.
വൈഭവിന്റെ ഉയർച്ച അടുത്തു കണ്ട അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ മനീഷ് ഓജ, പരിശീലനം ഓസ്‌ട്രേലിയൻ പര്യടനത്തേക്കാൾ വലിയ ഒന്നിനുവേണ്ടിയാണെന്ന് അഭിപ്രായപ്പെട്ടു. “ബിസിസിഐ ഭാവിയിലേക്ക് നോക്കുകയാണ്. മുതിർന്ന കളിക്കാർ ക്രമേണ വിരമിക്കുന്നു, ആ ശൂന്യത നികത്താൻ, അടുത്ത ബാച്ച് യുവതാരങ്ങൾ പൂർണ്ണമായും തയ്യാറായിരിക്കണം. വൈഭവിനുള്ള ഈ പരിശീലനം ആ പ്രക്രിയയുടെ ഭാഗമാണ്. അവർ കുട്ടികളെ ഒന്നൊന്നായി തിരഞ്ഞെടുക്കുകയും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അവരെ തയ്യാറാക്കുകയും ചെയ്യുന്നു,” ഓജ വിശദീകരിച്ചു.
സൂര്യവംശി അടുത്തതായി സെപ്റ്റംബർ 16 ന് ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ഇന്ത്യ അണ്ടർ 19 ന്റെ ഹോം ടൂറിനുള്ള ടീമിലുണ്ടാകും.
Discussion about this post