ന്യൂയോർക്ക് : പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. യുഎസ് സന്ദർശന വേളയിലാണ് അസിം മുനീർ വിവാദ പരാമർശം നടത്തിയത്. ഭീഷണി നേരിട്ടാൽ പാകിസ്താൻ ലോകത്തിന്റെ പകുതിയും നശിപ്പിക്കും എന്ന അസിം മുനീറിന്റെ ആണവ ഭീഷണി ആണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വ്യാപക വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദൻ ആണ് അസിം മുനീർ എന്ന് മൈക്കൽ റൂബിൻ വിശേഷിപ്പിച്ചു.
ഫ്ലോറിഡയിൽ യുഎസ് സൈനിക ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു മൈക്കൽ റൂബിൻ അസിം മുനീറിനെതിരെ വിമർശനമുന്നയിച്ചത്. പാകിസ്താനെ ‘ഒരു തെമ്മാടി രാഷ്ട്രം’ എന്നാണ് റൂബിൻ വിശേഷിപ്പിച്ചത്. ഐഎസിന്റെയും ഒസാമ ബിൻ ലാദന്റെയും പ്രസ്താവനകൾക്ക് സമാനമായ പ്രസ്താവനകളാണ് മുനീർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഒരു രാഷ്ട്രത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പാകിസ്ഥാൻ കഴിയുമോ എന്നതിനെക്കുറിച്ച് പലരുടെയും മനസ്സിൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഫീൽഡ് മാർഷലിന്റെ വാചാടോപം ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് നമ്മൾ കേട്ടതിനെ ഓർമ്മിപ്പിക്കുന്നു. അസിം മുനീർ ആ പ്രസ്താവനകൾ നടത്തി 30 മിനിറ്റിനുള്ളിൽ തന്നെ അവിടെ നിന്നും പുറത്താക്കണമായിരുന്നു. ടാമ്പ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി, അമേരിക്കയിൽ നിന്ന് പുറത്താക്കണമായിരുന്നു. അമേരിക്കക്കാർ ഭീകരതയെ പരാതിയുടെ ലെൻസിലൂടെയാണ് കാണുന്നത്. പല തീവ്രവാദികളുടെയും പ്രത്യയശാസ്ത്രപരമായ അടിത്തറ അവർക്ക് മനസ്സിലാകുന്നില്ല. അസിം മുനീർ ഒരു സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദനാണ്,” എന്നും മൈക്കൽ റൂബിൻ വ്യക്തമാക്കി.
മുനീറിനെ പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിക്കണമെന്നും യുഎസ് വിസ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ മൂലം വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾ ആയിരിക്കും ഉണ്ടാവാൻ പോകുന്നത്. നാറ്റോയ്ക്ക് പുറത്തുള്ള ഒരു പ്രധാന സഖ്യകക്ഷി എന്ന പദവി പാകിസ്താന് നഷ്ടപ്പെടുത്തണമെന്നും തീവ്രവാദത്തിന്റെ രാഷ്ട്രമായി അതിനെ പ്രഖ്യാപിക്കണമെന്നും മൈക്കൽ റൂബിൻ ആവശ്യപ്പെട്ടു.
Discussion about this post