മുഹമ്മദ് ഷമിയുടെ ഭാവിയെക്കുറിച്ച് വലിയൊരു ചോദ്യചിഹ്നം കുറച്ചുകാലങ്ങളായി നിലനിൽക്കുന്നു. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ. ഇന്ത്യ vs ഇംഗ്ലണ്ട് പരമ്പരയ്ക്ക് ഉള്ള ടീമിൽ അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നില്ല. ഒരു മാസത്തിനുള്ളിൽ 35 വയസ്സ് തികയാൻ പോകുകയാണ് ഷമിക്ക് ഇനി ഇന്ത്യൻ ടീമിൽ അവസരം കിട്ടില്ല എന്ന് വിശ്വസിക്കുന്നവർ ഉണ്ട്. എന്തായാലും ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ടെലിഗ്രാഫിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അദ്ദേഹത്തിന് തന്റെ റെഡ്-ബോൾ കരിയർ നീട്ടാൻ കഴിയുമോ ഇല്ലയോ എന്ന് ആ ടൂർണമെന്റിന് നിർണ്ണയിക്കാൻ കഴിയും. ചാമ്പ്യൻസ് ട്രോഫിയിൽ ആയിരുന്നു ഇന്ത്യൻ ജേഴ്സിയിൽ താരം അവസാനമായി കളിച്ചത്.
ക്വാർട്ടറിൽ നോർത്ത് സോണിനെതിരെ ഈസ്റ്റ് സോൺ തങ്ങളുടെ മത്സരത്തിന് ഇറങ്ങുമ്പോൾ പേസർ പ്ലെയിംഗ് ഇലവനിൽ ഇടം നേടുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ ഫിറ്റ്നസ് അവിടെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. “പുതിയ റിപ്പോർട്ട് പ്രകാരം ഷമി ആദ്യ മത്സരം കളിക്കും. അയാൾ കഠിനമായ പരിശീലനം നടത്തിയിട്ടുണ്ട്. അദ്ദേഹം തയ്യാറെടുക്കുകയാണ്,” പേസറുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ബിസിസിഐയിലെ മറ്റൊരു വ്യക്തി ഇങ്ങനെ പറഞ്ഞു, “നോർത്ത് സോണിനെതിരെ ഷമി സ്വാധീനം ചെലുത്തുന്ന പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കിൽ, സെലക്ടർമാർ തീർച്ചയായും അദ്ദേഹത്തിന്റെ പേര് ഭാവിയിൽ പരിഗണിക്കും”
“ഷമിയുടെ ഫിറ്റ്നസ് നിലവാരത്തിന്റെ കാര്യത്തിൽ സംശയമുണ്ട്. രഞ്ജി മത്സരങ്ങളിൽ, അദ്ദേഹം മൂന്ന്-നാല് ഓവറുകൾ എറിഞ്ഞ് ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് പോകാറുണ്ടായിരുന്നു. അതിനാൽ, ഒരു മൾട്ടി-ഡേ മത്സരത്തിന്റെ കാഠിന്യം അദ്ദേഹത്തിന്റെ ശരീരത്തിന് ഏറ്റെടുക്കാൻ കഴിയുമോ എന്നത് ഒരു ബുദ്ധിമുട്ടുള്ള ചോദ്യമായി തുടരുന്നു.” ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.
കൂടാതെ, കുറഞ്ഞത് 7-8 വർഷമെങ്കിലും രാജ്യത്തിന് സേവനം നൽകാൻ കഴിയുന്ന പേസർമാരിൽ സെലക്ടർമാർ ശ്രദ്ധാലുക്കളാണ്. “അതെ, ഈ ദുലീപ് ട്രോഫിയിൽ ഷമി എങ്ങനെ കളിക്കുന്നു എന്നത് അദ്ദേഹത്തിന്റെ ടെസ്റ്റ് തിരിച്ചുവരവിന്റെ സാധ്യതകളെക്കുറിച്ച് വ്യക്തമായ ചിത്രം നൽകും. എന്നാൽ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ തിരിച്ചുവരവ് നടത്താൻ ഷമിക്ക് താൽപ്പര്യമുണ്ടോ എന്നും അറിയേണ്ടതുണ്ട്,” ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്തായാലും ഇന്ത്യ കണ്ട ഏറ്റവും മികച്ച താരങ്ങളുടെ ഭാവി എന്താകും എന്ന് കണ്ടറിയണം.
Discussion about this post