ന്യൂഡൽഹി : ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനേയും ബിജെപിയെയും കുറ്റക്കാരായി ചിത്രീകരിച്ച് രാഹുൽ ഗാന്ധി കൊണ്ടുവന്ന വോട്ട് മോഷണ ആരോപണം ഒടുവിൽ കോൺഗ്രസിന് തന്നെ വൻ തിരിച്ചടിയാകുന്നു. കോൺഗ്രസിന്റെ ആരോപണങ്ങൾക്കെതിരെ പ്രത്യാരോപണങ്ങളുമായി ഇന്ന് ബിജെപി രംഗത്തെത്തി. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ളവർ വോട്ട് ക്രമക്കേട് നടത്തിയതായി ബിജെപി നേതാവ് അനുരാഗ് താക്കൂർ വ്യക്തമാക്കി.
സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടുന്നതിനു മുമ്പുതന്നെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിരുന്നുവെന്ന് അനുരാഗ് താക്കൂർ രേഖകൾ സഹിതം വ്യക്തമാക്കി. 1983-ൽ ആയിരുന്നു സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടിയിരുന്നത്. എന്നാൽ 1980 മുതൽ 1982 വരെ ഡൽഹിയിലെ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ഉണ്ടായിരുന്നു എന്നുള്ളതിന്റെ രേഖകളാണ് അനുരാഗ് താക്കൂർ പുറത്തുവിട്ടത്. 1968 ൽ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച സോണിയ ഗാന്ധി 1983ല്‍ മാത്രമാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചത്. ഇന്ത്യൻ പൗരനാണെങ്കിൽ മാത്രമേ ഒരു വ്യക്തിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ ഇത് ഗുരുതര നിയമലംഘനം ആണെന്നും ബിജെപി വ്യക്തമാക്കി.
പ്രതിഷേധങ്ങളെത്തുടർന്ന് 1982-ൽ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്‌തെങ്കിലും 1983-ൽ വീണ്ടും ഉൾപ്പെടുത്തിയതായി ബിജെപി പറയുന്നു. ആ വർഷം പൗരത്വം ലഭിച്ച തീയതി ഏപ്രിൽ ആയിരുന്നതിനാൽ ഇത് നിയമങ്ങൾക്ക് വിരുദ്ധമാണെന്നും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി ജനുവരി 1 ആയതിനാൽ സോണിയ ഗാന്ധി വലിയ നിയമലംഘനമാണ് നടത്തിയത് എന്നും ബിജെപി അറിയിക്കുന്നു. ഇതോടൊപ്പം തന്നെ വയനാട്, റായ്ബറേലി തുടങ്ങിയ മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് ബിജെപി വ്യക്തമാക്കി.









Discussion about this post