2009 ലെ ന്യൂസിലൻഡ് പര്യടനത്തിലെ അഞ്ച് ഏകദിനങ്ങളിൽ ഒന്നിൽ പോലും അവസരം കിട്ടാതെ പോയപ്പോൾ അതിന് കാരണം ചോദിച്ച തന്നോട് പറഞ്ഞ അന്നത്തെ പരിശീലകൻ ഗാരി കിർസ്റ്റൺ പറഞ്ഞ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. ടെസ്റ്റും ടി 20 യും ഏകദിനവും ഉൾപ്പെട്ട വലിയ ഒരു പരമ്പര ആയിരുന്നു ഇന്ത്യ അന്ന് കിവി മണ്ണിൽ കളിച്ചത്.
തന്നെ ഒഴിവാക്കിയതിന് പിന്നിലെ കാരണം എന്താണെന്ന് അറിയണമെന്നും അങ്ങനെ ആ മേഖലകളിൽ മെച്ചപ്പെടാൻ കഴിയുമെന്നും വിചാരിച്ച ഇർഫാൻ ഇതേക്കുറിച്ച് പരിശീലകനോട് ചോദിച്ചു. അപ്പോൾ തനിക്ക് കിട്ടിയ മറുപടിയെക്കിറിച്ച് താരം പറഞ്ഞത് ഇങ്ങനെ : “ന്യൂസിലാൻഡിൽ, ആദ്യ മത്സരത്തിനും, രണ്ടാമത്തെ മത്സരത്തിനും, മൂന്നാമത്തെ മത്സരത്തിനും എന്നെ ബെഞ്ചിൽ ഇരുത്തി. നാലാമത്തെ മത്സരം മഴ കാരണം നടന്നില്ല. ഫൈനൽ മത്സരത്തിലും ഞാൻ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കിയതെന്ന് ഞാൻ ഗാരി സാറിനോട് ചോദിച്ചു. എനിക്ക് എന്തെങ്കിലും മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കിൽ, അതിന് ഞാൻ തയാറായിരുന്നു. പക്ഷെ ഒഴിവാക്കിയതിന്റെ കാരണം ആയിരുന്നു എനിക്ക് അറിയേണ്ടത്,” ഇർഫാൻ പറഞ്ഞു.
“കിർസ്റ്റൺ അപ്പോൾ എന്നോട് രണ്ട് കാരണങ്ങൾ പറഞ്ഞു. ‘എന്റെ കൈയിലിൽ അല്ല കാര്യങ്ങൾ’ എന്ന് അദ്ദേഹം പറഞ്ഞു. അത് ഗാരിയുടെ കൃത്യമായ വാക്കുകളായിരുന്നു. അത് ആരുടെ കൈകളിലാണെന്ന് ഞാൻ ചോദിച്ചു, പക്ഷേ അദ്ദേഹം എന്നോട് പറഞ്ഞില്ല. അത് ആരുടെ കൈകളിലാണെന്ന് എനിക്കറിയാമായിരുന്നു. പ്ലെയിംഗ് ഇലവനെ തീരുമാനിക്കുന്നത് ക്യാപ്റ്റന്റെ ഇഷ്ടപ്രകാരമാണ്. തീരുമാനം എടുക്കുന്നത് ക്യാപ്റ്റനും, പരിശീലകനും, മാനേജ്‌മെന്റുമാണ്. അന്ന് ധോണിയായിരുന്നു ക്യാപ്റ്റൻ. ആ തീരുമാനം ശരിയോ തെറ്റോ എന്ന് ഞാൻ പറയില്ല, കാരണം ഓരോ ക്യാപ്റ്റനും അവരുടേതായ രീതിയിൽ ടീമിനെ നയിക്കാൻ അവകാശമുണ്ട്,” പത്താൻ കൂട്ടിച്ചേർത്തു.
തന്റെ സഹോദരനായ യൂസഫ് പഠാനെപ്പോലുള്ള ഒരു ബാറ്റിംഗ് ഓൾറൗണ്ടറെ ടീമിൽ ഉൾപ്പെടുത്താനാണ് മാനേജ്മെന്റ് അന്ന് ശ്രമിച്ചത് എന്നും ഇർഫാൻ പറഞ്ഞു. “രണ്ടാമത്തെ ഉത്തരം, ഏഴാം നമ്പറിൽ ഒരു ബാറ്റിംഗ് ഓൾറൗണ്ടറെ തിരയുകയായിരുന്നു എന്നായിരുന്നു. ശരിയാണ് – എന്റെ സഹോദരൻ ഒരു ബാറ്റിംഗ് ഓൾറൗണ്ടറായിരുന്നു, ഞാൻ ഒരു ബൗളിംഗ് ഓൾറൗണ്ടറായിരുന്നു. ഞങ്ങൾ പരസ്പരം വ്യത്യസ്തരായിരുന്നു, ടീമിൽ ഒരാൾക്ക് മാത്രമേ ഇടമുണ്ടായിരുന്നുള്ളൂ. ഇന്ന് ആണെങ്കിൽ, രണ്ട് ഓൾറൗണ്ടർമാരെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ, ടീം രണ്ടുപേരെയും സന്തോഷത്തോടെ സ്വീകരിക്കും,” ഇർഫാൻ അഭിപ്രായപ്പെട്ടു.












Discussion about this post