2025 ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ സെലക്ടർമാർക്ക് മുന്നിൽ തന്റെ ലഭ്യത സ്ഥിരീകരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്. അടുത്തിടെ സമാപിച്ച ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിക്കിടെ ടീമിൽ മുഴുവൻ മത്സരങ്ങളിലും കളിക്കാതിരുന്നതിനാൽ തന്നെ ബുംറയുടെ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്കകൾ നിലനിന്നിരുന്നു.
ബുംറക്ക് പരിക്കുപറ്റിയെന്നും അതിനാൽ തന്നെ അദ്ദേഹം വരാനിരിക്കുന്ന ഏഷ്യാ കപ്പിൽ കളിക്കില്ല എന്നുമാണ് ആദ്യം വന്ന വാർത്തകൾ. 2023 ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ഒരു ഏകദിന മത്സരത്തിലും 2024 ടി 20 ലോകകപ്പ് ഫൈനലിനുശേഷം ഒരു ടി 20 മത്സരത്തിലും കളിക്കാത്ത താരം അവസാനമായി ഇന്ത്യക്ക് വേണ്ടി ഒരു ടി 20 മത്സരം കളിച്ചത് 14 മാസങ്ങൾക്ക് മുമ്പാണ്.
“ഏഷ്യാ കപ്പ് സെലക്ഷന് ബുംറ ലഭ്യമാകുമെന്ന് സെലക്ടർമാരെ അറിയിച്ചിട്ടുണ്ട്. അടുത്ത ആഴ്ച യോഗം ചേരുമ്പോൾ സെലക്ഷൻ കമ്മിറ്റി യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്യും,” ഒരു ബിസിസിഐ അംഗം പറഞ്ഞു. എന്തായാലും ബുംറ കൂടി വന്നാൽ അത് ഇന്ത്യൻ ടീമിന് നൽകുന്ന ഊർജം വലുതായിരിക്കും.
ബിസിസിഐ സെലക്ടർമാർ ഓഗസ്റ്റ് 19 ന് മുംബൈയിൽ ടീം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചീഫ് സെലക്ടർ അജിത് അഗാർക്കർ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. നിലവിലെ ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യ കിരീടത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല.













Discussion about this post