ന്യൂഡൽഹി : ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ ആദരിച്ച് ലോക്സഭയിൽ നടത്തിയ പ്രത്യേക ചർച്ച പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചു. കോൺഗ്രസ് എംപി ശശി തരൂർ മാത്രമാണ് ശുഭാംശു ശുക്ലയെ അഭിനന്ദിച്ചത്. പ്രതിപക്ഷം പ്രത്യേക ചർച്ചയിൽ പങ്കെടുക്കാത്തതിനാൽ, കമാൻഡർ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്‌എസ്) സമീപകാല ദൗത്യം അഭിമാന നേട്ടം ആണെന്ന് ഞാൻ അറിയിക്കുന്നു എന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന് മറുപടിയായി ശശി തരൂർ എക്സിൽ പോസ്റ്റ് ചെയ്തു.
‘അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഇന്ത്യയുടെ ആദ്യ ബഹിരാകാശയാത്രികൻ – 2047 ഓടെ വിക്ഷിത് ഭാരതത്തിനായി ബഹിരാകാശ പദ്ധതിയുടെ നിർണായക പങ്ക്’ എന്ന വിഷയത്തിലാണ് കേന്ദ്രസർക്കാർ ലോക്‌സഭയിൽ ഒരു പ്രത്യേക ചർച്ച നടത്തിയത്. എന്നാൽ പ്രതിപക്ഷ മുന്നണി ഈ ചർച്ച ബഹിഷ്കരിക്കുകയായിരുന്നു. ലോക്‌സഭയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ കിരൺ റിജിജു പ്രതിപക്ഷ പാർട്ടികളോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നെങ്കിലും ഈ ആവശ്യം നിരസിച്ച് അവർ ചർച്ച ബഹിഷ്കരിക്കുകയായിരുന്നു.
അതേസമയം അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് നടത്തിയ ശുക്ലയുടെ ദൗത്യം ആഗോള ബഹിരാകാശ നയതന്ത്രത്തിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തിയതായി ശശി തരൂർ എംപി വ്യക്തമാക്കി. “ബഹുമുഖ ബഹിരാകാശ ശ്രമങ്ങളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ സന്നദ്ധതയും കഴിവും ഇത് പ്രകടമാക്കുകയും ഭാവിയിലെ സംയുക്ത ഗവേഷണത്തിനും നിക്ഷേപത്തിനും വാതിലുകൾ തുറക്കുകയും ചെയ്യുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം, ബഹിരാകാശ പഠനം എന്നിവയിൽ കരിയർ പിന്തുടരാൻ ഒരു പുതിയ തലമുറയെ പ്രചോദിപ്പിച്ചു – ഇന്ത്യയുടെ ദീർഘകാല ബഹിരാകാശ ലക്ഷ്യങ്ങൾ നിലനിർത്തുന്നതിന് ഇതെല്ലാം അത്യാവശ്യമാണ്” എന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു.
Discussion about this post