വാഹനവുമായി പൊതുവഴികളിൽ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന ദുരനുഭവങ്ങളെ കുറിച്ച് പ്രൊഫ. പ്രസാദ് പോൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തെരുവ് നായ്ക്കളേക്കാൾ മോശമായ മനുഷ്യനായ്ക്കൾ എന്ന തലക്കെട്ടോടെ തനിക്ക് ഉണ്ടായ ഒരു ദുരനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. വാഹനം ഓടിക്കാൻ ലൈസൻസ് മാത്രമല്ല പൊതുവഴിയിലൂടെ വാഹനം ഓടിക്കുന്നതിനുള്ള സംസ്കാരം കൂടി ഇവിടെ ഉണ്ടാകണം എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രൊഫ. പ്രസാദ് പോൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
തെരുവ് നായ്ക്കളേക്കാൾ മോശമായ മനുഷ്യനായ്ക്കൾ
കുറെ ദിവസങ്ങൾക്ക് മുന്നേ ഞാനും വിനുവും കൂടി ഏതാണ്ട് വിജനമായ, എന്നാൽ നല്ല വീതിയുള്ള ഒരു റോഡിലൂടെ കാർ ഓടിച്ചുപോവുകയായിരുന്നു. തൊട്ടു മുന്നിൽ ഒരു പയ്യൻ ബൈക്കിൽ റോഡിന്റെ നടുവിലൂടെ വളരെ പതിയെ പോകുന്നു(സ്പീഡ് നാൽപ്പതിൽ താഴെ മാത്രം) ഞങ്ങൾക്ക് അൽപ്പം കൂടി വേഗതയിൽ പോകാമെന്നുള്ളതുകൊണ്ട് ഓവർടേക്ക് ചെയ്യാനായി ഹോൺ അടിച്ചു. പക്ഷേ അയാൾ അത് കേട്ടഭാവം കാട്ടാതെ കൃത്യം നടുവിലൂടെ തന്നെ തുടർന്നു.
ഏതാനും മിനിറ്റുകൾ ക്ഷമയോടെ അയാളെ പിന്തുടർന്ന ശേഷം വീണ്ടും ഹോണടിച്ചു,
ഇല്ല അയാൾ സൈഡ് തരാനുള്ള ഭാവമില്ല
ഇത്തവണ ക്ഷമ നശിച്ച ഞാൻ രണ്ടുമൂന്ന് പ്രാവശ്യം ഹോൺ നീട്ടിയടിച്ചു. അയാൾ ഉടനെ ബൈക്ക് റോഡിന്റെ നടുവിൽ നിർത്തിയിട്ട്, അയാൾ കാരണം നിർത്തേണ്ടിവന്ന എന്റയടുത്തേക്ക് വന്നിട്ട്,
ആരുടെ അമ്മേനെ കുഴിച്ചിടാനാണെടാ പൂ… മോനെ നീ പോകുന്നത്?
ഞാൻ അനങ്ങിയില്ല, എന്റെയും, വിനുവിന്റെയും പ്രായം ഗണിച്ചിട്ടാവാം, അയാൾ പറഞ്ഞു, ഇപ്പൊ കത്തിക്കാവുന്ന തരത്തിലുള്ള പ്രായത്തിൽ റോട്ടിലിറങ്ങാതെ വല്ല വീട്ടിലും കുത്തിരിക്കെടാ കിഴവാ
വിനു ആകെ ഭയന്ന് വിറച്ചു, കാരണം ഓരോ നിമിഷം കഴിയുംതോറും അയാൾ വല്ലാതെ വയലന്റായി വരികയാണ്, അയാളുടെ മുഖത്തെ അപ്പോഴത്തെ ക്രൂരഭാവം കണ്ടാൽ ആരും ഭയന്നു പോകും. ഞാൻ വളരെ ശാന്തനായി പറഞ്ഞു, നിങ്ങൾക്ക് എന്റെ മകന്റെ പ്രായം പോലുമില്ല, ഞാനും രണ്ടുലക്ഷത്തിലധികം കിലോമീറ്ററുകൾ ബൈക്ക് ഓടിച്ചിട്ടുള്ളവനാണ്, ഒരു ബൈക്കിന് പോകാൻ എന്തുമാത്രം വീതി വേണമെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ടാണ് ഞാൻ ഹോൺ അടിച്ചത്.
അയാൾ പെട്ടെന്ന് പോക്കറ്റിൽ നിന്ന് എന്തോ എടുക്കാനായി കൈ കടത്തിയതും ഞാൻ പെട്ടെന്ന് കാർ സൈഡിലേക്ക് വെട്ടിച്ചു മുന്നോട്ടെടുത്തു, ബൈക്കിൽ മുട്ടാതെ വലതുവശത്തെ റോഡിന്റെ ഷോൾഡറിലേക്ക് ഇറക്കി ആവുന്നത്ര വേഗതയിൽ മുന്നോട്ട് പോയി. അയാൾ തിരിഞ്ഞു ബൈക്ക് സ്റ്റാർട്ടാക്കി എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട് ഞങ്ങളുടെ പിന്നാലെ പാഞ്ഞുവരാനും തുടങ്ങി. വിനു ആകെ ഭയപ്പെട്ട് മരവിച്ച അവസ്ഥയിലായി, ഞാൻ സിനിമാറ്റിക്ക് കാർ റേസിംഗ് പോലെ പെട്ടെന്ന് തന്നെ കാർ സ്പോർട്സ് മോഡിലേക്ക് മാറ്റി പാഡിൽ ഷിഫ്റ്ററുകൾ ഉപയോഗിച്ച് തൊണ്ണൂറ് – നൂറ് കിലോമീറ്റർ സ്പീഡിൽ പറന്നു രക്ഷപ്പെടുകയായിരുന്നു. അയാൾ റിയർവ്യൂ കണ്ണാടിയിൽ നിന്ന് മായാനും, ഞങ്ങളെ പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കാനും ഏതാണ്ട് നാല് മിനിറ്റോളം എടുത്തു.
ആ നാലു മിനിറ്റുകൾ ഞങ്ങൾ അനുഭവിച്ച മാനസിക സംഘർഷം, എതിരെ ഒരു വാഹനവും വരാതിരുന്നതുകൊണ്ട് മാത്രം രക്ഷപ്പെടാനായത് ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിറയൽ അനുഭവപ്പെടുന്നുണ്ട്.
എന്താണ് ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് സംഭവിച്ചിരിക്കുന്നതെന്ന ആലോചന എനിക്ക് മനസ്സിലാക്കിത്തന്നത്, ഇന്ന് വളരെ എളുപ്പത്തിൽ ആർക്കും ലഭിക്കുന്ന വാഹനവായ്പ്പകളോ, ശരിയല്ലാത്ത മാർഗ്ഗത്തിലൂടെ പണമുണ്ടാക്കാൻ കഴിയുമെന്നതുകൊണ്ടോ, തികച്ചും അനർഹരായ പലർക്കും ഇരുചക്ര, നൽചക്ര വാഹനങ്ങളുണ്ട്. പണമുണ്ടായതുകൊണ്ടോ, വാഹനം ഓടിക്കാൻ ലൈസൻസ് ഉണ്ടായതുകൊണ്ടോ കാര്യമില്ല, അത് പൊതു വഴിയിലൂടെ ഓടിക്കാനുള്ള സംസ്ക്കാരം കൂടി ഉണ്ടാകേണ്ടിയിരിക്കുന്നു. നിർഭാഗ്യവശാൽ അതാണ് ഇന്നത്തെ ഒട്ടുമിക്ക ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന ചെറുപ്പക്കാർക്കും ഒട്ടുമില്ലാത്തത്. നിർഭാഗ്യവശാൽ സംസ്ക്കാരം ഒരു പാഠ്യവിഷയമാക്കി പഠിപ്പിച്ചു പരീക്ഷയെഴുതിപ്പിച്ചു ഉണ്ടാക്കാനാവാത്ത ഒന്നാണല്ലോ? അതിന് കൊള്ളാവുന്ന പൂർവ്വികരുടെ ജീനുകൾ ഉണ്ടാവേണ്ടേ?
ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാവുകയോ, ആക്രമിക്കപ്പെടാനുള്ള സാധ്യതാ ഉണ്ടാവുകയോ ചെയ്‌താൽ രക്ഷപ്പെടാനായി ഞങ്ങളെപ്പോലുള്ളവർക്ക് പ്രാപ്യമായ ഒരേയൊരു മാർഗ്ഗമാണ് pepper spray.
മരുമകനോട് ഈ സംഭവം പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് ബാംഗളൂരിൽ വരുമ്പോൾ ഒരു നല്ല എയർപിസ്റ്റൽ വാങ്ങാമെന്നാണ്. CO2 കാർട്രിഡ്ജ് കൊണ്ട് വർക്ക് ചെയ്യുന്ന ഒന്നാന്തരം എയർ പിസ്റ്റൾ ഇപ്പോൾ മുപ്പതിനായിരം – നാൽപ്പതിനായിരം റേഞ്ചിൽ ലഭിക്കുമത്രേ.











Discussion about this post