2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചതിന് ശേഷം തന്റെ കൈയിൽ നിന്ന് വിരാട് കോഹ്‌ലിയുടെ നമ്പർ ചോദിക്കാൻ ഒരാൾ നടത്തിയ തട്ടിപ്പിനെക്കുറിച്ചും അത് തനിക്ക് മനസിലായത് എങ്ങനെ എന്നും പറയുകയാണ് രവിചന്ദ്രൻ അശ്വിൻ. ന്യൂസിലാൻഡ്, സിഎസ്‌കെ താരം ഡെവൺ കോൺവേ ആണെന്ന് അവകാശപ്പെട്ട് ഒരാൾ തനിക്ക് എങ്ങനെയാണ് ടെക്സ്റ്റ് അയച്ചതെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ ഓർമ്മിച്ചു.
തന്റെ സഹതാരമാണെന്ന് കരുതി ആ നമ്പറിൽ ചാറ്റ് ചെയ്തതായും ഭാവിയിലെ മത്സരങ്ങൾ ആശംസകൾ നേർന്നതായും അശ്വിൻ വെളിപ്പെടുത്തി. എന്നിരുന്നാലും, ചാറ്റ് ചെയ്ത ആൾ അശ്വിനോട് കളിക്കാരുടെ നമ്പറുകൾ ചോദിക്കാൻ തുടങ്ങിയപ്പോൾ, തനിക്ക് സംശയം തോന്നി തുടങ്ങി എന്നും അശ്വിൻ പറഞ്ഞു.
“ഐപിഎൽ കഴിഞ്ഞപ്പോൾ, ഡെവൺ കോൺവേ എന്ന് അവകാശപ്പെട്ട് ഒരാൾ എനിക്ക് മെസ്സേജ് അയച്ചു, ‘ഹായ് സുഹൃത്തേ, സുഖമാണോ?’ ഞാൻ മറുപടി നൽകി, ‘നമുക്ക് സൗഹൃദത്തിൽ തുടരാം. നിങ്ങൾ എംഎൽസിയിൽ കളിക്കുകയാണ്; ഞാൻ ഗെയിമുകൾ കാണും’ എന്ന്. എന്നിട്ട് അദ്ദേഹം ചോദിച്ചു, ‘എന്റെ വിരാട് കോഹ്‌ലിയുടെ നമ്പർ നഷ്ടപ്പെട്ടു, നിങ്ങൾക്ക് അത് താരമോ?’ ഞാൻ ചിന്തിച്ചു, അദ്ദേഹം എന്തിനാണ് വിരാടിന്റെ നമ്പർ ചോദിക്കുന്നത്? പക്ഷേ ഡെവൺ കോൺവേ തെറ്റിദ്ധരിക്കരുതെന്ന് ഞാൻ ആഗ്രഹിച്ചു. പിന്നെ ഞാൻ വിരാട് കോഹ്‌ലിയുടെ കാർഡ് എടുത്ത് മറ്റൊരു നമ്പർ അയാൾക്ക് നൽകി,” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“ഞാൻ അത് പങ്കിട്ടപ്പോൾ, ‘എനിക്ക് കുറച്ച് നമ്പറുകൾ കൂടി നഷ്ടപ്പെട്ടു’ എന്ന് അദ്ദേഹം മറുപടി നൽകി. ആരുടെ നമ്പറുകൾ എന്ന് ഞാൻ ചോദിച്ചു, ‘രോഹിത് ശർമ്മയും എം.എസ്. ധോണിയും’ എന്ന് അദ്ദേഹം മറുപടി നൽകി. എനിക്ക് സംശയം തോന്നി, ആരോ തമാശ കളിക്കുകയാണെന്ന് എനിക്ക് മനസിലായി” അശ്വിൻ കൂട്ടിച്ചേർത്തു.
അതോടെ തട്ടിപ്പ് മനസിലായ അശ്വിൻ പറ്റിക്കാൻ വന്നവനിട്ട് പണി കൊടുത്തു. “അപ്പോൾ ഞാൻ അവനോട് ഒരു ചോദ്യം ചോദിച്ചു, ‘ഈ വർഷം ഞാൻ നിനക്ക് ഒരു ബാറ്റ് തന്നു, ആ ബാറ്റ് എങ്ങനെയുണ്ട്?’ ബാറ്റ് മികച്ചത് ആണെന്ന് അവൻ പറഞ്ഞു, പക്ഷേ ഞാൻ അവന് ഒരു ബാറ്റ് പോലും നൽകിയില്ല. അവൻ കള്ളം പറഞ്ഞു, ഞാൻ ഉടനെ അവനെ ബ്ലോക്ക് ചെയ്തു. ആ വ്യക്തി പറ്റിക്കാൻ നോക്കുക ആയിരുന്നു. ഞാൻ സിഎസ്‌കെ ഗ്രൂപ്പിലേക്ക് തിരിച്ചുപോയി ഡെവൺ കോൺവേയുടെ നമ്പർ പരിശോധിച്ചു, അത് എന്നോട് ചാറ്റ് ചെയ്ത ആളുടെ നമ്പർ ആയിരുന്നില്ല. തുടക്കത്തിലേ സംശയം തോന്നിയത് കൊണ്ട് ഞാൻ അവനെ കുടുക്കി.” അശ്വിൻ പറഞ്ഞു.
Discussion about this post