ഏറ്റവും പുതിയ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ നിന്ന് ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും പെട്ടെന്ന് അപ്രത്യക്ഷരായതിന്റെ കാരണം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വ്യക്തമാക്കി. ഇന്നലെ വന്ന, പുതുക്കിയ ചാർട്ടുകളിൽ ഇരുവരുടെയും പേര് കാണാത്തതിനാൽ ആരാധകർ സ്തബ്ധരായി.
എന്തുകൊണ്ടാണ് റാങ്കിങ്ങിൽ ഇവരുടെ പേര് ഇല്ലാത്തത് എന്ന് പലരും ചിന്തിച്ചു. രോഹിതും കോഹ്‌ലിയും 50 ഓവർ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയാണോ എന്ന് പലരും ചോദ്യം ചെയ്തു. ഈ വർഷം ആദ്യം തന്നെ രണ്ട് കളിക്കാരും ടി20 യിൽ നിന്നും ടെസ്റ്റിൽ നിന്നും വിടപറഞ്ഞിരുന്നു, ഇത് ആരാധകർക്കിടയിൽ ആശങ്കകൾ വർദ്ധിപ്പിച്ചു.
എന്നിരുന്നാലും, ഇന്ത്യൻ ആരാധകർക്ക് ആശ്വാസം പകരുന്ന തരത്തിൽ, ഐസിസി ഉടൻ തന്നെ രണ്ട് പേരുകളും റാങ്കിംഗിൽ ഉൾപ്പെടുത്തി. ഒരു പ്രസ്താവനയിൽ, അത് സാങ്കേതിക തകരാറാണെന്നും പേര് താൽക്കാലികമായി അപ്രത്യക്ഷമാകാൻ കാരണമായത് ഇതാണെന്നും ഗവേണിംഗ് ബോഡി സ്ഥിരീകരിച്ചു, കൂടാതെ അപ്‌ഡേറ്റിലെ മറ്റ് ചില ക്രമക്കേടുകളും തിരുത്തി എന്ന് ഐസിസി പറഞ്ഞു. ഫോർമാറ്റിൽ ഇന്ത്യയുടെ പദ്ധതികളിൽ കേന്ദ്രബിന്ദുവായി തുടരുന്ന രോഹിത്തിന്റെയും കോഹ്‌ലിയുടെയും ഏകദിന ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇതോടെ അവസാനിച്ചു.
“ഈ ആഴ്ചയിൽ റാങ്കിംഗിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായി. ഇത് സംബന്ധിച്ച് നിലവിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്,” ഐസിസി വിസ്ഡൻ.കോമിനോട് പറഞ്ഞു.
ഐസിസി റാങ്കിംഗിൽ ഏകദിന ബാറ്റ്സ്മാൻമാരിൽ രോഹിത് നിലവിൽ രണ്ടാം സ്ഥാനത്താണ്, വിരാട് കോഹ്‌ലി നാലാം സ്ഥാനത്തും.ഇരുവരും അവസാനമായി ഐപിഎൽ 2025 സീസണിലാണ് കളിച്ചത്, യഥാക്രമം മുംബൈ ഇന്ത്യൻസ് (എംഐ), റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) എന്നിവരെയാണ് പ്രതിനിധീകരിച്ചത്. രണ്ടാം ക്വാളിഫയറിൽ മുംബൈ പുറത്തായി. അതേസമയം ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെ (പിബികെഎസ്) പരാജയപ്പെടുത്തി ആർസിബിക്കൊപ്പം തന്റെ കന്നി ഐപിഎൽ കിരീടം കോഹ്‌ലി ആഘോഷിച്ചു.
Discussion about this post