2025 ഏഷ്യാ കപ്പിനുള്ള ടീമിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്താത്തതിന് ചീഫ് സെലക്ടർ അജിത് അഗാർക്കറെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. ശ്രേയസ് അയ്യരെ ഒഴിവാക്കിയതിനെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ചുകൊണ്ട് അഗാർക്കർ എളുപ്പവഴി സ്വീകരിച്ചുവെന്ന് ബദരീനാഥ് പറഞ്ഞു.
“ശ്രേയസ് അയ്യരുടെ തെറ്റല്ല, ഞങ്ങളുടേതുമല്ല. അയ്യർക്ക് പകരം ഞങ്ങൾ ആരെ ഒഴിവാകും. അതുകൊണ്ടാണ് ടീമിൽ എടുക്കാതെ പോയത്” ടീം പ്രഖ്യാപിച്ച സമയത്ത് അഗാർക്കർ പറഞ്ഞിരുന്നു..
അഗാർക്കറുടെ പരാമർശത്തിന് ബദരീനാഥ് ഇങ്ങനെ മറുപടി നൽകി. “ശ്രേയസ് അയ്യർ കളിക്കാൻ അർഹനായിരുന്നു. അജിത് അഗാർക്കർ അദ്ദേഹത്തെ നിർഭാഗ്യവാനാണെന്ന് വിളിച്ചു, പക്ഷേ അത് സൗകര്യപ്രദമായ ഒരു വഴി മാത്രമാണ്. കഴിഞ്ഞ രണ്ട് വർഷമായി അയ്യർ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ശിവം ദുബെ റിങ്കു സിംഗ് തുടങ്ങിയവർ ബാക്കപ്പ് സ്‌ക്വാഡിൽ ഉണ്ട്. കഴിഞ്ഞ വർഷം, ഈ രണ്ടുപേരും നല്ല പ്രകടനം നടത്തിയില്ല ” അദ്ദേഹം പറഞ്ഞു.
2025 ലെ ഐപിഎല്ലിൽ 175.07 എന്ന സ്ട്രൈക്ക് റേറ്റിൽ 604 റൺസ് നേടിയ ശ്രേയസ്, പഞ്ചാബ് കിംഗ്‌സിനെ ഫൈനലിലേക്ക് നയിച്ചതിനാൽ, ടി20 ഐ ടീമിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും ഏവരെയും ഞെട്ടിച്ചുകൊണ്ട് സെലക്ടർമാർ അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല. റിസർവ് ടീമിൽ പോലും അദ്ദേഹത്തെ അവഗണിച്ചു.
“ശ്രേയസിനെ ഒഴിവാക്കാൻ ഒരു കാരണവും ഇല്ല. അവൻ ഏത് സ്ഥാനത്തും മികച്ച പ്രകടനം നടത്തുന്ന താരമാണ്” ബദരീനാഥ് കൂട്ടിച്ചേർത്തു. “ടീമിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇല്ലായിരുന്നെങ്കിൽ, അയ്യറുടെ അനുഭവപരിചയവും നേതൃത്വവും ടീമിനെ സഹായിക്കുമായിരുന്നു,” അദ്ദേഹം പറഞ്ഞു.
Discussion about this post