ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും വിരമിച്ചു. ദേശീയ ടീമിനോ ആഭ്യന്തര ടീമായ സൗരാഷ്ട്രയ്‌ക്കോ വേണ്ടി ഇനി കളിക്കില്ലെന്ന് താരം ഔദ്യോഗിക പ്രഖ്യാപനം നടത്തി. “ഇന്ത്യൻ ജേഴ്‌സി ധരിച്ചും, ദേശീയഗാനം ആലപിച്ചും, ഓരോ തവണയും ഞാൻ കളിക്കളത്തിൽ ഇറങ്ങുമ്പോൾ പരമാവധി ശ്രമിച്ചു – അതിന്റെ യഥാർത്ഥ അർത്ഥം വാക്കുകളിൽ വിവരിക്കുക അസാധ്യമാണ്. എന്നാൽ എല്ലാവരും പറയ്യുന്നത് പോലെ, എല്ലാ നല്ല കാര്യങ്ങളും അവസാനിക്കണം. അതിയായ നന്ദിയോടെ ഞാൻ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാത്തരം ഫോർമാറ്റുകളിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചു. എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി,” വെറ്ററൻ ബാറ്റർ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ എഴുതി.
“എന്റെ ക്രിക്കറ്റ് കരിയറിൽ അവസരവും പിന്തുണയ്ക്കും നൽകിയതിന് ബിസിസിഐയ്ക്കും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും നന്ദി പറയുന്നു. വർഷങ്ങളായി എനിക്ക് പ്രതിനിധീകരിക്കാൻ കഴിഞ്ഞ എല്ലാ ടീമുകളോടും ഫ്രാഞ്ചൈസികളോടും കൗണ്ടി ടീമിനോടും ഞാൻ ഒരുപോലെ നന്ദിയുള്ളവനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
2010 ഒക്ടോബറിൽ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെയാണ് പൂജാര ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ തന്നെ 72 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും സച്ചിൻ ടെണ്ടുൽക്കറിനൊപ്പം നിർണായക കൂട്ടുകെട്ടിൽ പങ്കാളിയാകുകയും ചെയ്തു താരം.
ശേഷം രാഹുൽ ദ്രാവിഡിന്റെ വിരമിക്കലിനുശേഷം പൂജാര ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റ്സ്മാൻ എന്ന സ്ഥാനം വേഗത്തിൽ ഉറപ്പിച്ചു. അരങ്ങേറ്റത്തിന് രണ്ട് വർഷത്തിന് ശേഷം , പൂജാര അഹമ്മദാബാദിലെ മോട്ടേരയിൽ ഇംഗ്ലണ്ടിനെതിരെ തന്റെ കന്നി ഇരട്ട സെഞ്ച്വറി നേടി. എന്നിരുന്നാലും, ഇത് മാത്രമല്ല, വേറെ രണ്ട് ഇരട്ട സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടും ഓസ്ട്രേലിയയ്ക്കെതിരെയാണ്.
103 ടെസ്റ്റുകളിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് 43.60 ശരാശരിയിൽ 7195 റൺസ് നേടിയ അദ്ദേഹം ഇപ്പോൾ തന്റെ കരിയർ അവസാനിപ്പിക്കുന്നു. 19 സെഞ്ച്വറികൾ നേടിയ അദ്ദേഹം, തുടർച്ചയായി അഞ്ച് വർഷം ഒന്നാം നമ്പർ ടെസ്റ്റ് ടീമായിരുന്ന വിരാട് കോഹ്‌ലി നയിച്ച ടീമിന്റെ നിർണായക ഭാഗമായിരുന്നു. 2021 ലെ പ്രശസ്തമായ ഗാബ വിജയത്തിൽ ഇന്ത്യയുടെ വിജയത്തിൽ പൂജാരയുടെ സംഭാവന ആരും മറക്കില്ല.
Wearing the Indian jersey, singing the anthem, and trying my best each time I stepped on the field – it’s impossible to put into words what it truly meant. But as they say, all good things must come to an end, and with immense gratitude I have decided to retire from all forms of… pic.twitter.com/p8yOd5tFyT
— Cheteshwar Pujara (@cheteshwar1) August 24, 2025
Discussion about this post