കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സൂപ്പർ താരം സഞ്ജു സാംസൺ വക വെടിക്കെട്ട്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവർ അവസാനിക്കുമ്പോൾ 188 – 7 എന്ന സ്കോറാണ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ സഞ്ജു ഇത്തവണയും സ്ഥിരത തുടർന്ന് 46 പന്തിൽ 89 റൺ നേടിയാണ് തിളങ്ങിയത്.
ഓപ്പണിങ് വിക്കറ്റിൽ ഇറങ്ങിയ സഞ്ജു തുടക്കം മുതൽ തന്നെ തന്റെ ഉദ്ദേശം വ്യക്തമാക്കുന്ന രീതിയിലാണ് കളിച്ചത്. അതിനിടയിൽ 2 വിക്കറ്റ് വീണതോടെ മാസ് ശൈലിയും ക്ലാസ് ശൈലിയും ചേർന്ന രീതിയിലേക്ക് ബാറ്റിംഗ് മാറ്റി. 4 ബൗണ്ടറിയും 9 സിക്‌സും അടങ്ങിയ സഞ്ജുവിന്റെ ഇന്നിംഗ്സ് മാറ്റി നിർത്തിയാൽ മറ്റ് വലിയ സംഭാവനകൾ ഒന്നും കൊച്ചിയുടെ താരങ്ങളിൽ നിന്നും ഉണ്ടായില്ല.
ഏഷ്യാ കപ്പിൽ ടീമിലിടം കിട്ടാൻ കഷ്ടപ്പെടുന്ന സഞ്ജുവിന് ഗുണം നൽകുന്നതായി ഈ രണ്ട് ഇന്നിങ്‌സുകളും. ഇതോടെ ഓപ്പണിങ് സ്ഥാനത്തിന് ഗില്ലുമായി നല്ല മത്സരം സഞ്ജു കൊടുക്കും എന്ന് ഉറപ്പായി കഴിഞ്ഞു. ഓപ്പണിങ്ങിൽ അല്ലെങ്കിൽ തന്നെ മധ്യനിരയിൽ ഇറക്കിയാലും താൻ തകർക്കും എന്ന് തന്നെയാണ് സഞ്ജു പറയുന്നത്. തന്റെ ഏറ്റവും മികച്ച ഫോമിൽ തന്നെ ഒഴിവാക്കാൻ പറ്റില്ലെന്ന് സഞ്ജു പറയുന്നു.
സഞ്ജുവിന്റെ ഇന്നിങ്‌സ് കൂടാതെ തൃശൂരിന്റെ ഇടംകൈയൻ പേസർ അജ്നാസ് കെ ഹാട്രിക്ക് നേടി മത്സരത്തിൽ നിർണായക സാന്നിധ്യം ചെലുത്തി. മത്സരത്തിന്റെ 18 ആം ഓവറിൽ സഞ്ജു , ജെറിൻ, മുഹമ്മദ് ആഷിക്ക് എന്നിവരുടെയടക്കം വിക്കറ്റ് വീഴ്ത്തിയാണ് താരം ഹാട്രിക്ക് പൂർത്തിയാക്കിയത്.
Discussion about this post