ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സീനിയർ ഓഫ് സ്പിന്നർ ആർ അശ്വിൻ, ലോകമെമ്പാടുമുള്ള മറ്റ് ലീഗുകളിൽ കളിക്കാൻ ലഭ്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ അശ്വിന്റെ, ഫ്രാഞ്ചൈസിയിലെ ഭാവി ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തന്നെയാണ് ഇതിന് കാരണം.
ഐപിഎല്ലിൽ നിന്ന് വിരമിച്ചെങ്കിലും മറ്റ് വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാനുള്ള സാധ്യതകൾ പരിഗണിക്കുമെന്ന് താരം തൻ്റെ വിടവാങ്ങൽ കുറിപ്പിൽ സൂചന നൽകി. തനിക്ക് അവസരം നൽകിയ എല്ലാ ഐപിഎൽ ടീമുകൾക്കും ബിസിസിഐക്കും നന്ദി പറഞ്ഞുകൊണ്ടാണ് അശ്വിൻ്റെ പോസ്റ്റ്. 2009-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം ഐപിഎൽ കരിയർ ആരംഭിച്ച അശ്വിൻ, അതേ ടീമിനൊപ്പം തന്നെ തൻ്റെ അവസാന മത്സരവും കളിച്ചാണ് പാഡഴിക്കുന്നത്. 15 വർഷം നീണ്ട ഐപിഎൽ കരിയറിൽ 221 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകളും 833 റൺസും അശ്വിൻ സ്വന്തമാക്കിയിട്ടുണ്ട്.
യുഎസിലെ മേജർ ലീഗ് ക്രിക്കറ്റ് അടക്കമുള്ള വിദേശ ലീഗുകളിൽ കളിക്കാനായിരിക്കും ഇനി അശ്വിൻ ശ്രമിക്കുക എന്നും സൂചനയുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത സീസണിൽ കളിച്ചാൽ തന്നെ അതിന്റെ തുക നന്നായി കുറയും എന്ന് മനസിലായ അശ്വിൻ എന്തായാലും നല്ല തീരുമാനം തന്നെ എടുക്കുക ആയിരുന്നു.
കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച 38 കാരനായ അശ്വിനെ 2025 സീസണിന് മുമ്പുള്ള മെഗാ ലേലത്തിൽ 9.75 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കുക ആയിരുന്നു. 2009 മുതൽ 2015 വരെ സിഎസ്‌കെയിൽ കളിച്ച കളിക്കാരന് ഇത് തിരിച്ചുവരവായിരുന്നു. പിന്നീട് അദ്ദേഹം 2018 ൽ ഇപ്പോൾ പ്രവർത്തനരഹിതമായ റൈസിംഗ് പൂനെ സൂപ്പർ ജയന്റിനും പിന്നാലെ കിംഗ്സ് ഇലവൻ പഞ്ചാബിനും (നിലവിൽ പഞ്ചാബ് കിംഗ്സ്) വേണ്ടി കളിച്ചു. കഴിഞ്ഞ സീസണിൽ ഒമ്പത് മത്സരങ്ങൾ കളിച്ച അദ്ദേഹം, ടീമിന് നിരാശാജനകമായ സീസണിൽ ഏഴ് വിക്കറ്റുകൾ മാത്രാമാണ് വീഴ്ത്തിയത്. നാല് വിജയങ്ങളും 10 തോൽവികളുമായി ടീമിന്റെ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Discussion about this post