കരിയറിന്റെ ആദ്യകാലം മുതൽ തന്നെ അഭിലാഷവും ആത്മവിശ്വാസവും താൻ പുലർത്തിയിരുന്നതാണ് എല്ലാ തലങ്ങളിലുമുള്ള തന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചതെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) മുൻ താരം രവിചന്ദ്രൻ അശ്വിൻ സമ്മതിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കുറച്ചു നാളുകൾക്ക് മുമ്പ് വിരമിച്ച താരം, അടുത്തിടെ ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.
2009 ൽ സിഎസ്‌കെയിലൂടെയാണ് അശ്വിൻ തന്റെ ഐപിഎൽ കരിയർ ആരംഭിച്ചത്, 2010 ലും 2011 ലും ഫ്രാഞ്ചൈസിയെ തുടർച്ചയായി കിരീടങ്ങൾ നേടാൻ സഹായിച്ചു. 221 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകൾ നേടിയ അദ്ദേഹം ലീഗ് ചരിത്രത്തിൽ അഞ്ചാമത്തെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരനാണ്.
കൂടാതെ, എല്ലാ ഫോർമാറ്റുകളിലുമായി 287 മത്സരങ്ങളിൽ നിന്ന് 765 വിക്കറ്റുകൾ നേടിയ അശ്വിൻ മികച്ച അന്താരാഷ്ട്ര റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. “എന്റെ കരിയറിന്റെ തുടക്കത്തിൽ ഞാൻ ഇത്രയധികം നേട്ടങ്ങൾ കൈവരിക്കുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ, ഞാൻ അത്ഭുതപ്പെട്ടുപോകുമായിരുന്നു. ‘അയാൾ അമിതമായി ചിന്തിക്കുന്നവനും, അമിതമായി അഭിലാഷമുള്ളവനും, ഞാൻ ഒരു അഹങ്കാരി ആണെന്നും ഒകെ പലരും പറയും. എന്നെക്കുറിച്ച് ഞാൻ ധാരാളം കാര്യങ്ങൾ കേട്ടിട്ടുണ്ട്. ”
“ഞാൻ സിഎസ്‌കെയിൽ കളിച്ചപ്പോഴും, മുത്തയ്യ മുരളീധരൻ ആയിരുന്നു ലീഡ് ഓഫ് സ്പിന്നർ. അദ്ദേഹത്തെ ടീം തിരഞ്ഞെടുത്തപ്പോൾ, ‘രണ്ട് ഓഫ് സ്പിന്നർമാർ കളിക്കാൻ ഒരു വഴിയുമില്ല’ എന്ന് പലരും എന്നോട് പറഞ്ഞു. നിർഭാഗ്യവശാൽ, ‘അവരെ ടീം രണ്ട് ഓഫ് സ്പിന്നർമാരെ കളിപ്പിക്കും’ എന്ന് പ്രതികരിച്ചുകൊണ്ട് ആളുകളെ തെറ്റാണെന്ന് തെളിയിക്കാൻ ഞാൻ ആഗ്രഹിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അത് എന്റെ ആത്മവിശ്വാസമായി ഞാൻ കാണുന്നു. മുരളീധരന് മുന്നിൽ ഞാൻ കളിക്കുമെന്ന് പോലും പറഞ്ഞിട്ടുണ്ട്. അത് ഞാൻ മുരളീധരനെ താഴ്ത്തിക്കെട്ടി പറഞ്ഞതല്ല. അദ്ദേഹത്തിന്റെ ലെവലിലേക്ക് എത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ.”
ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയഎട്ടാമത്തെ താരമാണ് അശ്വിൻ. 537 വിക്കറ്റുകളാണ് അശ്വിൻ നേടിയത്. ഇതിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു.
Discussion about this post