ഗുവാഹത്തി : ബീഹാറിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന കോൺഗ്രസിന്റെ വോട്ട് അധികാർ യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്ക്കെതിരായി നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ മോദിയോടും അദ്ദേഹത്തിന്റെ പരേതയായ അമ്മയോടും ക്ഷമ ചോദിക്കുകയാണ് ചെയ്യേണ്ടത് എന്നും അമിത് ഷാ വ്യക്തമാക്കി. അസമിലെ ഗുവാഹത്തിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയെ അധിക്ഷേപിക്കുക എന്നുള്ളത് കോൺഗ്രസിന് ഒരു പുതിയ കാര്യമല്ല എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. “മുൻകാലങ്ങളിലും നിരവധി കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചിട്ടുണ്ട്. ഇത് പുതിയ കാര്യമല്ല. എന്നാൽ പരേതയായ മോദിയുടെ അമ്മയ്ക്കെതിരെ നടത്തിയ അധിക്ഷേപം രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെ ഏറ്റവും താഴ്ന്ന നിലയാണ് കാണിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ മരിച്ചുപോയ അമ്മയ്‌ക്കെതിരെ അപമാനകരമായ ഭാഷ ഉപയോഗിച്ചുകൊണ്ട് കോൺഗ്രസ് ഏറ്റവും നിന്ദ്യമായ പ്രവൃത്തി ചെയ്തു. ഞാൻ അതിനെ അപലപിക്കുന്നു. രാഹുൽ ഗാന്ധി ആരംഭിച്ച ഈ വൃത്തികെട്ട രാഷ്ട്രീയം രാജ്യത്തെ പടുകുഴിയിലേക്കാണ് നയിക്കുന്നത്” എന്നും അമിത് ഷാ വ്യക്തമാക്കി.
“മോദി ജി മുഖ്യമന്ത്രിയായ സമയം മുതൽ തന്നെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മണിശങ്കർ അയ്യർ, ജയറാം രമേശ്, രേണുക ചൗധരി എന്നിവർ മോദി ജിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചിട്ടുണ്ട്. ചിലർ അദ്ദേഹത്തെ ‘മൗത് കാ സൗദാഗർ’, ‘സഹ്രില സാൻപ്’, ‘രാവണൻ’, ‘വൈറസ്’ എന്നും വിളിച്ചു. എന്നിട്ട് ജനങ്ങളുടെ വിധി എന്തായിരുന്നു? എല്ലാ തിരഞ്ഞെടുപ്പിലും നിങ്ങൾ അധിക്ഷേപിച്ചു. നിങ്ങൾ എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം കൂടുതൽ താമരകൾ ഇവിടെ വിരിയും.” എന്നും അമിത് ഷാ അറിയിച്ചു.
Discussion about this post