ന്യൂഡൽഹി : മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് എത്തിയ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ തലസ്ഥാനത്തെ ഹൈദരാബാദ് ഹൗസിൽ വെച്ചായിരുന്നു ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച. നേരത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ലോറൻസ് വോങ്ങ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യ-സിംഗപ്പൂർ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇരു പ്രധാനമന്ത്രിമാരും തമ്മിൽ നടത്തിയത്. സിംഗപ്പൂർ കമ്പനിയായ പിഎസ്എ ഇന്റർനാഷണൽ വികസിപ്പിച്ച ഇന്ത്യ-മുംബൈ കണ്ടെയ്നർ ടെർമിനലിന്റെ രണ്ടാം ഘട്ടം നരേന്ദ്ര മോദിയും ലോറൻസ് വോങ്ങും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ പ്രധാന ഭാഗമാണ് സിംഗപ്പൂർ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ജനതയോട് അനുശോചനം പ്രകടിപ്പിച്ചതിനും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അവർ നൽകിയ പിന്തുണയ്ക്കും പ്രധാനമന്ത്രി വാങിനും സിംഗപ്പൂർ സർക്കാരിനും നന്ദി അറിയിക്കുന്നതായി മോദി വ്യക്തമാക്കി. ഭീകരതയ്ക്കെതിരായ പോരാട്ടങ്ങളിൽ അവർ നമ്മളോടൊപ്പം നിന്നു. എല്ലാ പ്രധാന മേഖലകളിലും സിംഗപ്പൂരുമായുള്ള സഹകരണം വർദ്ധിപ്പിക്കും. ഇന്തോ-പസഫിക് മേഖലയിൽ സഹകരണവും സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ പരസ്പരം സഹകരിക്കും എന്നും മോദി അറിയിച്ചു.









Discussion about this post