എം.എസ്. ധോണിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം തന്നിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക് തുറന്നുപറഞ്ഞു. ധോണിയുടെ കടന്നുവരവോടെ താൻ ഒരു ഓന്തിനെ പോലെ ആയി എന്നും ഏത് റോൾ ടീമിൽ തന്നാലും സ്വീകരിക്കുന്ന അവസ്ഥയിലേക്ക് താൻ മാറിയെന്നും കാർത്തിക്ക് പറഞ്ഞു.
ധോണിക്ക് മുമ്പേ ടീമിലെത്തിയ കാർത്തിക്ക് അതിനോടകം കഴിവ് തെളിയിച്ചു എങ്കിലും, സെലക്ടർമാർ ധോണിയെ പരീക്ഷിച്ചു. കന്നി അന്താരാഷ്ട്ര മത്സരത്തിൽ തന്നെ പരാജയപ്പെട്ടെങ്കിലും, സെലക്ടർമാർ അദ്ദേഹത്തോടൊപ്പം നിന്നു. ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫിനിഷർമാരിൽ ഒരാളായി ധോണി മാറി.
ഇതോടെ 2004 മുതൽ 2010 വരെ ടീമിൽ വന്നു പോകുന്ന അതിഥി മാത്രമായി കാർത്തിക് മാറി. ശേഷം ടീമിൽ നിന്ന് പുറത്തായി. മറുവശത്ത്, ധോണി എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയുടെ ക്യാപ്റ്റനായി. ഇന്ത്യാ ടുഡേയുടെ കോൺക്ലേവ് സൗത്ത് 2025-ൽ, ധോണിയുടെ സാന്നിധ്യത്തിൽ ഏത് സ്ഥാനവും നിലനിർത്തുക എന്നത് ഒരു വെല്ലുവിളിയായിരുന്നുവെന്നും താൻ സ്വയം വളരെയധികം സമ്മർദ്ദം ചെലുത്തിയെന്നും കാർത്തിക്ക് വിശദീകരിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“അത്തരമൊരാൾ വരുമ്പോൾ, നിങ്ങൾ ഉള്ളിലേക്ക് നോക്കുകയും സ്വയം ചോദിക്കുകയും വേണം: എന്റെ ഏറ്റവും മികച്ച പതിപ്പ് പുറത്തുകൊണ്ടുവരാൻ എനിക്ക് എന്തുചെയ്യാൻ കഴിയും? അപ്പോൾ ഞാൻ ഒരു ഓന്തിനെ പോലെയായി. ഒരു ഓപ്പണിംഗ് സ്ലോട്ട് ലഭ്യമുള്ളപ്പോൾ, ഞാൻ തമിഴ്‌നാട്ടിലേക്ക്( ആഭ്യന്തര ക്രിക്കറ്റ്) തിരിച്ചുപോയി, സർ, എനിക്ക് ഓപ്പണർ ആകാമോ? ടീമിൽ ഇടം കണ്ടെത്താൻ വേണ്ടി മാത്രം ഞാൻ ഓപ്പണറാകാൻ തയാറായി.”
“അതുപോലെ, ഇന്ത്യയ്ക്കായി മധ്യനിരയിൽ ഒരു ഒഴിവുണ്ടെങ്കിൽ, ഞാൻ അവിടെ ബാറ്റ് ചെയ്യാൻ അഭ്യർത്ഥിക്കും – എപ്പോഴും ടീമിലേക്ക് കടക്കാനുള്ള വഴികൾ തേടും. പക്ഷേ എന്റെ യഥാർത്ഥ വെല്ലുവിളി ആ സ്ഥാനത്ത് പിടിച്ചുനിൽക്കുക എന്നതായിരുന്നു. ഞാൻ എന്നെത്തന്നെ വളരെയധികം സമ്മർദ്ദത്തിലാക്കിയതിനാൽ, ചിലപ്പോഴൊക്കെ, എന്നോട് നീതി പുലർത്താൻ എനിക്ക് കഴിഞ്ഞില്ല.”
കാർത്തിക്ക് അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത് 2022 ലെ ടി20 ലോകകപ്പിലായിരുന്നു . ശേഷമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
Discussion about this post