2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് വൈറ്റ്-ബോൾ മത്സരത്തിലേക്ക് തിരിച്ചെത്തുകയും സെപ്റ്റംബർ 10 ന് ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇയെ നേരിടാനും ഒരുങ്ങുകയാണ്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് ദുബായിൽ പരിശീലനം നടത്തുകയാണ്. 2023 ലെ ഏഷ്യാ കപ്പ് നേടിയ ഇന്ത്യ, നിലവിലെ ചാമ്പ്യന്മാരായാണ് ടൂർണമെന്റിൽ പ്രവേശിക്കുന്നത്. 2023 ലെ ഏകപക്ഷീയമായ ഏഷ്യാ കപ്പ് ഫൈനലിൽ അവർ ശ്രീലങ്കയെ പരാജയപ്പെടുത്തുക ആയിരുന്നു.
2026 ലെ ടി 20 ലോകകപ്പിന്റെ പശ്ചാത്തലത്തിൽ 2025 ലെ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലാണ് കളിക്കുന്നത്. ലോകകപ്പിന് മുമ്പ് ഏഷ്യയിലെ പ്രധാന ടീമുകൾക്ക് എല്ലാം കരുത്ത് കാണിക്കാനുള്ള വേദിയാണ് ടൂർണമെന്റ്. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്, 2025 ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടാൻ സാധ്യതയുള്ള താരത്തെയും ഏറ്റവും കൂടുതൽ വിക്കറ്റ് നേടാൻ സാധ്യതയുള്ള ബോളറെയും തിരഞ്ഞെടുത്തിരിക്കുകയാണ്. ക്രിക്ക്ബസിനോട് സംസാരിക്കവെ, ദിനേശ് കാർത്തിക്ക് ടോപ് സ്‌കോറർ ആകാൻ സാധ്യതയുള്ള താരമായി ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തു.
2024 ജൂലൈക്ക് ശേഷം ടി 20 കളിച്ചിട്ടില്ലാത്ത ഗിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ നിൽകുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ പരമ്പര സമനിലയിലാക്കാൻ സഹായിച്ചത് ഗില്ലിന്റെ മികവിലായിരുന്നു. എന്തായാലും രോഹിതും കോഹ്‌ലിയും വിരമിച്ച ഒഴിവിൽ വലിയ ഉത്തരവാദിത്വമാണ് ഗില്ലിനുള്ളത്. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരത്തിന്റെ ടി 20 യിലെ പ്രകടനം ഏവരും ഉറ്റുനോക്കും.
ഇത് കൂടാതെ 2025 ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന കളിക്കാരൻ വരുൺ ചക്രവർത്തി ആയിരിക്കുമെന്ന് കാർത്തിക് പ്രവചിച്ചു. ചക്രവർത്തി സമീപകാലത്ത് വൈറ്റ് ബോൾ ഫോർമാറ്റിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ മുന്നിലാണ് ഉള്ളത്. ഇന്ത്യയുടെ ടി 20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി വിജയം എന്നിവയിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
Discussion about this post