2014 ഡിസംബറിൽ ബ്രിസ്ബേനിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് മത്സരം നടക്കുന്നു. ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം ഇന്ത്യൻ ബാറ്റിംഗ് തുടങ്ങാൻ പോകുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യക്കായി ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങിയ ശിഖർ ധവാൻ ആയിരുന്നു ക്രീസിൽ ഇറങ്ങേണ്ടത്.
എന്നാൽ ഇന്ത്യക്ക് പണിയായി നാലാം ദിവസം രാവിലെ ശിഖർ ധവാന് പരിശീലനത്തിനിടെ കൈത്തണ്ടയിൽ ഗുരുതരമായി പരിക്കേറ്റു. ഉടൻ ബാറ്റ് ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പരിശീലകനോടും നായകനോടും വ്യക്തമാക്കി. ഇന്ത്യൻ പദ്ധതികളിൽ ഇതോടെ മാറ്റം വന്നു. ധവാന് പകരം കോഹ്‌ലിയാണ് ക്രീസിൽ എത്തുന്നത്. താരം ആകട്ടെ കളത്തിൽ ഇറങ്ങുന്നതിന് വെറും 7 മിനിറ്റ് മുമ്പ് മാത്രമാണ് ഇത് സംബന്ധിച്ച് അറിഞ്ഞത്.
തുടക്കത്തിൽ തന്നെ ബാറ്റ് ചെയ്യാൻ ഇറങ്ങുമെന്ന് ഊഹവും ഇല്ലാതിരുന്ന കോഹ്‌ലിക്ക് ഒന്നും തന്നെ ചെയ്യാനായില്ല. മിച്ചൽ ജോൺസന്റെ പന്തിൽ അദ്ദേഹം ബോൾഡ് ആയി മടങ്ങി. 11 പന്തുകൾ ക്രീസിൽ നിന്നെങ്കിലും ഒരു റൺ മാത്രമാണ് താരത്തിന് നേടാനായത്. ഇത് കോഹ്‌ലിയെ അസ്വസ്ഥനാക്കി. തനിക്ക് നേരത്തെ ഇറങ്ങേണ്ടി വന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നും നാലാം ദിനം ഓസ്‌ട്രേലിയൻ ബോളർമാരെ തുടക്കത്തിൽ നേരിടാൻ പറ്റില്ലാത്തതിനാൽ ധവാൻ ഇറക്കിയ നമ്പർ ആണെന്നും പറഞ്ഞു.
തകർന്ന ഇന്നിംഗ്‌സിന്റെ സമ്മർദ്ദത്തിലായിരുന്ന ഡ്രസ്സിംഗ് റൂം കൂടുതൽ പിരിമുറുക്കത്തിലായി. ആരോപണത്തിൽ ബുദ്ധിമുട്ട് തോന്നിയ ധവാൻ കോഹ്‌ലിക്ക് മറുപടിയും നൽകി. “ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രഖ്യാപിക്കുകയും താൻ ഒരിക്കലും പരിക്ക് വ്യാജമായി അഭിനയിക്കില്ല എന്നും വ്യക്തമാക്കി. തന്റെ പ്രകടനം മികച്ചതല്ലെങ്കിൽ, കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കാൻ തയ്യാറാണെന്നും അല്ലാതെ ഉള്ള ആരോപണങ്ങൾ ശരിയല്ല എന്നും പറഞ്ഞു.”
എന്തായാലും പരിശീലകൻ രവി ശാസ്ത്രി ഇരുവരെയും സമാധാനിപ്പിച്ചു. പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു. എന്തായാലും ആ മത്സരത്തിൽ 7 ഇന്ത്യൻ വിക്കറ്റുകൾ നഷ്ടമായ ശേഷം ധവാൻ ക്രീസിൽ എത്തി പൊരുതി നോക്കി 81 റൺ നേടി. പക്ഷെ മത്സരത്തിലെ ഇന്ത്യയുടെ നാല് വിക്കറ്റ് തോൽവി ഒഴിവാക്കാൻ അത് സഹായിച്ചില്ല.
പിന്നെ ഇന്ത്യയുടെ അന്നത്തെ നായകൻ ധോണി ഈ പ്രശ്നം മാധ്യമങ്ങൾ പ്രചരിപ്പിച്ച അത്രയൊന്നും ഇല്ലെന്നും വെറുതെ ബോളിവുഡ് സിനിമ ലെവലിൽ കഥ ഉണ്ടാക്കരുതെന്നും പറയുകയും ചെയ്തു.
Discussion about this post