തൃശ്ശൂർ : തൃശ്ശൂർ എംപി വേറെ ലെവൽ ആണെന്ന് അടിവരയിടുകയാണ് തൃശ്ശൂരിന്റെ സ്വന്തം എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഇന്നുവരെ കാണാത്ത രീതിയിൽ ഒരു എംപി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും ചോദിച്ചറിയുന്ന ജനസൗഹാർദ്ദ സംവാദ പരിപാടിയായ ‘കലുങ്ക് സൗഹാർദം വികസന സംവാദം’ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ നടന്നുവരികയാണ്. വ്യാഴാഴ്ച പുള്ള് ആല്‍ത്തറയിലും ചന്മാപ്പള്ളി കാനോലി കടവിലുമാണ് സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലുള്ള സൗഹൃദ കൂട്ടായ്മകൾ നടന്നത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നടൻ ദേവൻ ആണ് സുരേഷ് ഗോപി നേതൃത്വം നൽകുന്ന ഈ പരിപാടിക്ക് ഔപചാരികമായി തുടക്കം കുറിച്ചത്. തൃശ്ശൂർ മണ്ഡലത്തിലെ വിവിധ മേഖലകളിൽ ഈ സൗഹൃദ സംവാദ സദസ്സ് തുടർന്നു വരുന്നതാണ്. തൃശ്ശൂര്‍ വടക്കേ പുള്ള് പാടത്തിനടുത്തുള്ള കാര്‍ത്യായനി ക്ഷേത്രത്തിന്റെ ആല്‍ത്തറയിൽ ജനങ്ങൾക്കിടയിൽ ഒരാളായി ഇരുന്നുകൊണ്ട് സുരേഷ് ഗോപി നാടിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും ചോദിച്ചറിഞ്ഞു. സമീപവാസികളുടെ വലിയ ജനക്കൂട്ടം ആയിരുന്നു സുരേഷ് ഗോപിയുടെ ഈ പരിപാടിയിൽ ഒത്തുചേർന്നിരുന്നത്.
ചെമ്മാപ്പിള്ളി കടവില്‍ നടന്ന രണ്ടാമത്തെ സൗഹൃദസംവാദസദസ്സില്‍ സംവിധായകൻ സത്യൻ അന്തിക്കാടും പങ്കെടുത്തു. ഒരു രാഷ്ട്രീയ ഭേദവും ഇല്ലാതെ എല്ലാവരുടെയും എംപിയാണ് സുരേഷ് ഗോപി എന്ന് സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു. ജാതിമത കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവരവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ സുരേഷ് ഗോപി ഒരുക്കിയ വേദി പുതുചരിത്രം സൃഷ്ടിക്കുമെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി. മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും ദുരിതങ്ങളുമാണ് മേഖലയിലെ ജനങ്ങൾ പ്രധാനമായും സുരേഷ് ഗോപിക്ക് മുൻപിൽ അവതരിപ്പിച്ചത്. ഈ വിഷയത്തിൽ മൂന്ന് പഞ്ചായത്തുകൾക്ക് താൻ എംപി ഫണ്ട് അനുവദിച്ചിരുന്നു എന്ന് സുരേഷ് ഗോപി വ്യക്തമാക്കി. എന്നാൽ ഇവയിൽ രണ്ട് പഞ്ചായത്തുകൾ എംപി ഫണ്ട് നിരാകരിക്കുകയായിരുന്നു. എം പി ഫണ്ട് കൊണ്ട് വികസനം വേണ്ട എന്നുള്ള ഈ പഞ്ചായത്തുകളുടെ നിലപാട് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
കമാന്‍ഡോ മുഖം ബണ്ട് അടക്കമുള്ള വിഷയങ്ങളിലും സുരേഷ് ഗോപിയും ജനങ്ങളും തമ്മിൽ ചർച്ചകൾ നടത്തി. വെള്ളപ്പൊക്കവും കുടിവെള്ള പ്രശ്നവും പോലെയുള്ളവ പരിഹരിക്കുന്നതിനായി ഒരു പ്രത്യേക പഠന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ജനങ്ങൾ വോട്ട് ചെയ്യുന്നവർ മാത്രമാകരുതെന്നും തിരഞ്ഞെടുത്തവരെ കൊണ്ട് സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യിപ്പിക്കുന്നവരാകണം എന്നും സുരേഷ് ഗോപി ജനങ്ങളോട് വ്യക്തമാക്കി.
Discussion about this post