“ഇന്നലെ നടന്ന ഇംഗ്ലണ്ട്- സൗത്താഫ്രിക്ക മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ലൈവ് കണ്ടവർ ഭാഗ്യവാന്മാരാണ് എന്നെ പറയാനുള്ളു. ഒരു നിമിഷം പോലും മടുക്കാത്ത ടിവിയിൽ നിന്ന് അല്ലെങ്കിൽ മൊബൈൽ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നിക്കാന് വിധം ബാറ്റിംഗ് വെടിക്കെട്ടാണ് അവർ കണ്ടത്.”
മാഞ്ചസ്റ്ററിൽ നടന്ന മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തകർത്ത് ഇംഗ്ലണ്ട് നിരവധി റെക്കോഡുകൾ തകർക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. ഓപ്പണർ ഫിൽ സാൾട്ടിന്റെ 141 റൺസിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ നേടിയത് 304 റൺസാണ്. മറുപടി ബാറ്റിംഗിൽ കാര്യമായ ഒന്നും ചെയ്യാനാകാതെ തുടക്കമേ തോൽവി സമ്മതിച്ച ദക്ഷിണാഫ്രിക്ക ആകട്ടെ 158 റൺ മാത്രം നേടി പുറത്താകുന്നു. ഫലമോ ഇംഗ്ലണ്ടിന് 146 റൺസിന്റെ കൂറ്റൻ ജയം. ജയത്തോടെ പരമ്പര സമനിലയിലാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു( 1 – 1 ).
ഐസിസിയുടെ ഫുൾ നേഷൻ മെമ്പറായ രാജ്യത്തിനെതിരെ 300 റൺസ് നേടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. ട്വന്റി20യിൽ ഏറ്റവും ഉയർന്ന സ്കോർ ഫുൾ നേഷൻ മെമ്പർക്കെതിരെ നേടിയ റെക്കോഡ് ഇന്ത്യയുടെ പേരിലായിരുന്നു. 2024 ൽ ബംഗ്ലാദേശിനെതിരെ 297 റൺസ് ആണ് ടീം നേടിയത്. അതേസമയം ടി20യിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയതിന്റെ റെക്കോർഡ് സിംബാബ്‌വെയുടെ പേരിലാണ്, അവിടെ ടീം 344 റൺസ് നേടി. എന്നാൽ ഐസിസിയുടെ ഫുൾ നേഷൻ മെമ്പർ അല്ലാത്ത ഗാംബിയയ്‌ക്കെതിരെയാണ് അത് നടന്നത്.
ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടി20 മത്സരമൊക്കെ നടക്കുമ്പോൾ ഏതെങ്കിലും ഒരു ടീം 300 റൺ നേടുക എന്നൊക്കെ പറഞ്ഞാൽ ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു അത്. എന്നാൽ ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിലുള്ള ടീമിന് ഇന്നലെ 150 റൺസ് നേടാൻ 9 ഓവറുകൾ മാത്രമാണ് വേണ്ടിവന്നത്. വെറും 12.1 ഓവറുകളിൽ അവർ 200 റൺസ് മറികടന്നു. 4.1 ഓവറുകൾക്ക് ശേഷം അവർ 250 റൺസ് പിന്നിട്ടു.
മികച്ച ബോളിങ് അറ്റാക്കുള്ള സൗത്താഫ്രിക്ക പോലെ ഒരു ടീമിനെതിരെ അവരുടെ താരങ്ങളെ സ്കൂൾ കുട്ടികളുടെ നിലവാരത്തിൽ കണ്ടുള്ള ബാറ്റിംഗാണ് ഇംഗ്ലണ്ട് നടത്തിയത്. പന്തെറിഞ്ഞ എല്ലാ സൗത്താഫ്രിക്കൻ ബോളർമാരും ശരാശരി 10 റൺസിന് മുകളിൽ വഴങ്ങി.
Discussion about this post