2025 ലെ ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് പോരാട്ടം ചില അവിശ്വസനീയ രംഗങ്ങൾക്ക് സാക്ഷിയാകുന്നതിലേക്ക് ആരാധകരെ നയിച്ചു. മത്സരം അവസാനിച്ചതിന് ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവും മറ്റ് ഇന്ത്യൻ കളിക്കാരും പാകിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകാതെയാണ് ഞെട്ടിച്ചത്. എതിരാളികൾ തമ്മിലുള്ള പതിവ് ഹസ്തദാനം ക്രിക്കറ്റിൽ സാധാരണയായി കാണുന്ന കാഴ്ചയാണ്. എന്നാൽ അത് ഒഴിവാക്കുന്നതിലൂടെ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുള്ള പാകിസ്ഥാനുമായുള്ള സൈനിക സംഘർഷത്തിനും ഉള്ള തങ്ങളുടെ പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തുക ആയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് കാഷ്‌മീരിൽ എന്താണ് സംഭവിച്ചതെന്ന് തങ്ങൾ മറന്നിട്ടില്ല എന്ന് വിളിച്ചോതുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ പെരുമാറ്റം.
“ഞങ്ങൾ ടീം ഒന്നടങ്കം എടുത്ത തീരുമാനമായിരുന്നു അത്. കളിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ വന്നത്. അവർക്ക് മറുപടി നൽകി കഴിഞ്ഞിരിക്കുന്നു. ചില കാര്യങ്ങൾ സ്‌പോർട്‌സ്മാൻഷിപ്പിന് അപ്പുറമാണ്. ‘ഓപ്പറേഷൻ സിന്ദൂരിൽ’ പങ്കെടുത്ത നമ്മുടെ സായുധ സേനയ്ക്ക് ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു, പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു,” സൂര്യകുമാർ യാദവ് മത്സരശേഷം പറഞ്ഞു.
ഇന്ത്യയുടെ രീതികളിൽ അസ്വസ്ഥരായ പാകിസ്ഥാൻ തിരിച്ചടിച്ചത് മറ്റൊരു രീതിയിലാണ്. മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിൽ നിന്ന് പാകിസ്ഥാൻ നായകൻ സൽമാൻ അലി ആഗ വിട്ടുനിന്നു. പാക് കോച്ച് മൈക്ക് ഹെസ്സൻ പറഞ്ഞത് ഇങ്ങനെ “ഞങ്ങൾക്ക് ഹസ്തദാനം കൊടുക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എതിർ ടീം അത് ചെയ്യാത്തതിൽ നിരാശയുണ്ട്. ഞങ്ങൾ കളിച്ച രീതിയിൽ നിരാശയുണ്ട്, പക്ഷേ ഞങ്ങൾ ഹസ്തദാനം കൊടുക്കാൻ ആഗ്രഹിച്ചു,” ഹെസ്സൻ പറഞ്ഞു. “മത്സരാനന്തര ചടങ്ങിന് സൽമാൻ വരാതിരുന്നത് ഇന്ത്യയുടെ പെരുമാറ്റം കൊണ്ടായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നാലെ, പാകിസ്ഥാൻ കളിക്കാർ മൈതാനത്ത് കാത്തിരിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരാൾ ഡ്രസ്സിംഗ് റൂം വാതിലുകൾ അടയ്ക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്.
https://twitter.com/i/status/1967286946771898435
Discussion about this post