ന്യൂഡൽഹി : യുഎസ് ഭരണകൂടം ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക 25% തീരുവ നവംബറോടെ പിൻവലിച്ചേക്കും. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) വി അനന്ത നാഗേശ്വരൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഉടൻതന്നെ പ്രകടമായ പുരോഗതി ഉണ്ടാകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും അനന്ത നാഗേശ്വരൻ അറിയിച്ചു. “25 ശതമാനം എന്ന യഥാർത്ഥ പരസ്പര താരിഫ്, 25 ശതമാനം എന്ന പിഴ താരിഫ് എന്നിവ രണ്ടും പ്രതീക്ഷിച്ചിരുന്നില്ല. ഭൂരാഷ്ട്രീയ സാഹചര്യങ്ങളാണ് രണ്ടാമത്തെ 25 ശതമാനം താരിഫിലേക്ക് നയിച്ചതെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു, എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളിലെ സമീപകാല സംഭവവികാസങ്ങളും മറ്റും കണക്കിലെടുക്കുമ്പോൾ ഇപ്പോൾ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്”, എന്നും അദ്ദേഹം സൂചിപ്പിച്ചു.
രണ്ട് സർക്കാരുകൾക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. അടുത്ത എട്ട് മുതൽ പത്ത് ആഴ്ചകൾക്കുള്ളിൽ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ തീരുവയ്ക്ക് ഒരു പരിഹാരം കാണാൻ കഴിയും. നവംബർ 30ന് മുൻപോ ശേഷമോ ആയി അത് സംഭവിക്കാം, എന്നും അനന്ത നാഗേശ്വരൻ അറിയിച്ചു.
ഓഗസ്റ്റ് 27 മുതലായിരുന്നു യുഎസ് ഭരണകൂടം ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക താരിഫുകൾ പ്രാബല്യത്തിൽ വന്നത്.
Discussion about this post