ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയിൽ പാകിസ്താന് മുട്ടൻ പണികൊടുത്ത് യുഎസ്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ)യെ ഭീകര സംഘടനയായ പ്രഖ്യാപിച്ച് കരിമ്പട്ടികയിൽ പെടുത്താനുള്ള പാകിസ്താന്റെയും ചൈനയുടെയും ശ്രമത്തിന് വൻ തിരിച്ചടിയാണ് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ നൽകിയത്. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പാകിസ്താന്റെയും ചൈനയുടെയും നീക്കത്തെ തടയുകയായിരുന്നു.
ബിഎൽഎ, മജീദ് ബ്രിഗേഡ് എന്നിവയ്ക്ക് ഐക്യരാഷ്ട്രസഭയിൽ ഉപരോധം ഏർപ്പെടുത്താനുള്ള പാകിസ്താൻ-ചൈന സംയുക്ത ശ്രമം ആണ് അമേരിക്കയുടെയും ഫ്രാൻസിന്റെയും യുകെയുടെയും എതിർപ്പോടെ പൊളിഞ്ഞത്. ഈ ഗ്രൂപ്പുകളെ അൽ ഖ്വയ്ദയുമായോ ഐഎസ്‌ഐഎല്ലുമായോ ബന്ധിപ്പിക്കുന്നതിന് മതിയായ തെളിവുകൾ ഇല്ലെന്ന് യുഎസും സഖ്യകക്ഷികളും ചൂണ്ടിക്കാട്ടി. ബിഎൽഎയെയും മജീദ് ബ്രിഗേഡിനെയും കഴിഞ്ഞമാസം യുഎസ് വിദേശ ഭീകര സംഘടനയായി മുദ്രകുത്തിയിരുന്നെങ്കിലും ഐക്യരാഷ്ട്രസഭയിൽ ഇവയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള പാകിസ്താന്റെ ശ്രമങ്ങളെ തള്ളുകയായിരുന്നു.
പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര നേതാക്കൾക്കെതിരായ ഇന്ത്യ-യുഎസ് നീക്കങ്ങൾ തടയാൻ ചൈന പലപ്പോഴും ഉപയോഗിച്ചിരുന്ന അതേ മാർഗ്ഗമാണ് യുഎസ് ഇപ്പോൾ ഐക്യരാഷ്ട്രസഭയിൽ പ്രയോഗിച്ചിരിക്കുന്നത്. 1999-ലെ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 1267 പ്രകാരം അൽ-ഖ്വയ്ദ, താലിബാൻ, ഐഎസ്ഐഎൽ എന്നിവയുമായി ബന്ധമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മേൽ യാത്രാ നിരോധനം, സ്വത്ത് മരവിപ്പിക്കൽ, ആയുധ ഉപരോധം എന്നിവയുൾപ്പെടെ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതാണ്.
Discussion about this post