ഇസ്ലാമാബാദ് : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ തകർന്നു തരിപ്പണമായ പാകിസ്താനിലെ ലഷ്കർ-ഇ-തൊയ്ബ ആസ്ഥാനത്തിന്റെ വീഡിയോ പങ്കുവെച്ച് പാക് ഭീകരനായ ലഷ്കർ കമാൻഡർ ഖാസിം. മുരിദ്‌കെയിലെ ലഷ്‌കർ ആസ്ഥാനവും ഭീകര പരിശീലന കേന്ദ്രവുമാണ് പരിപൂർണ്ണമായി തകർന്നതായി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഇവിടെ പുതിയ പള്ളിയും ആസ്ഥാനമന്ദിരവും നിർമ്മിക്കുകയാണെന്ന് കാണിച്ചുകൊണ്ടാണ് ലഷ്‌കർ ഭീകരൻ ഈ വീഡിയോ പങ്കുവെച്ചത്.
മെയ് 7 ന് രാവിലെ നടന്ന ആക്രമണത്തിൽ മുരിദ്‌കെയിലെ ലഷ്‌കർ മർകസ് നശിപ്പിക്കപ്പെട്ടതായി ഖാസിം ഈ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. തീവ്രവാദ ക്യാമ്പ് പുനർനിർമിച്ചു വരികയാണെന്നും ഇയാൾ പറയുന്നു. “”ഇന്ത്യൻ ആക്രമണത്തിൽ തകർന്ന മുരിദ്കെയിലെ മർകസ് തൈബയുടെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ഞാൻ നിൽക്കുന്നത്. അത് പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ പുതുതായി നിർമ്മിക്കുന്ന പള്ളി മുമ്പത്തേക്കാൾ വലുതായിരിക്കും” എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിൽ ലഷ്കർ ഭീകരൻ പറയുന്നത്.
നിരവധി മുജാഹിദീനുകളും വിദ്യാർത്ഥികളും പരിശീലനം നേടിയിരുന്ന പള്ളിയായിരുന്നു തകർന്നത് എന്നും ഖാസിം സൂചിപ്പിക്കുന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുര ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുരിദ്കെ നഗരത്തിൽ ആയിരുന്നു ലഷ്കറിന്റെ ആസ്ഥാനവും പരിശീലന കേന്ദ്രവും ആയിരുന്ന പള്ളി സമുച്ചയം ഉണ്ടായിരുന്നത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മതപരമായ പ്രബോധനത്തോടൊപ്പം അടിസ്ഥാന തീവ്രവാദ പരിശീലനവും നൽകിവരുന്ന ദൗറ-ഇ-സുഫ പരിപാടികൾ ഇവിടെ സ്ഥിരമായി സംഘടിപ്പിക്കപ്പെടാറുണ്ടായിരുന്നു.
Discussion about this post